
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോർഡ്സിൽ തുടക്കമാവും. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലീഡ്സിൽ ജയിച്ച ഇംഗ്ലണ്ടും എഡ്ജ്ബാസ്റ്റണിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യയും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മുന്നിലെത്താൻ ലോർഡ്സിൽ നേർക്കുനേർ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എഡ്‌ജ്‌ബാസ്റ്റണിലെ വമ്പൻ തോൽവിയിൽ പാഠംപഠിച്ച ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാൻ ലോർഡ്സിൽ ഒരുക്കിയിരിക്കുന്നത് പേസും ബൗൺസും സ്വിംഗുമുളള പിച്ച്. ജീവനുള്ള പിച്ചിന്‍റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഏത് പിച്ചിലെ വെല്ലുവിളികളും നേരിടാൻ സജ്ജമെന്ന മറുപടിയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബാറ്ററിക്ക് കരുത്ത് പകരാൻ ജസ്പ്രീത് ബുമ്ര വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്താവും. ബുമ്ര തിരിച്ചെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണക്കാവുമെന്നാണ് കരുതുന്നത്.
രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റ് നേടിയ ആകാശ് ദീപും മുഹമ്മദ് സിറാജുമാവും മറ്റു പേസർമാർ. ഉഗ്രൻ ഫോമിലുള്ള ശുഭ്മൻ ഗിൽ നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഇന്ത്യക്ക് ഉറച്ച വിശ്വാസം. ബാറ്റിംഗ് കരുത്ത് കൂട്ടാൻ വാഷിംഗ്ടൺ സുന്ദറിന് പകരം സായ് സുദർശനെ ടീമിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണ്. ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് കഴിഞ്ഞു. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആർച്ചർ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നത്. ആദ്യദിവസം ലോർഡ്സിലെ വിക്കറ്റ് പൊതുവേ പേസർമാരെ തുണയ്ക്കുന്നതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയ്ബ് ബഷീർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക