രോഹിത്തിന് പിന്നാലെ ജഡേജക്കും സെഞ്ചുറി, അരങ്ങറ്റത്തില്‍ മിന്നി സർഫറാസും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

Published : Feb 15, 2024, 05:27 PM IST
രോഹിത്തിന് പിന്നാലെ ജഡേജക്കും സെഞ്ചുറി, അരങ്ങറ്റത്തില്‍ മിന്നി സർഫറാസും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

Synopsis

ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ പുറത്തായി. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. 110 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവും ക്രീസില്‍. 33-3ല്‍ നിന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ രോഹിത് ശര്‍മ-രവീന്ദ്ര ജഡേജ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ആദ്യ ദിനം ഇന്ത്യക്ക് കരുത്തായത്. രോഹിത് 131 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 61 റണ്‍സെടുത്ത് റണ്ണൗട്ടായി. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരുടെ വിക്കറ്റുകളും ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

തുടക്കം ഞെട്ടലോടെ

ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 10 റണ്‍സെടുത്ത യശസ്വിയെ സ്ലിപ്പില്‍ ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ച് മാര്‍ക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍  സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ഊഴമായിരുന്നു അടുത്തത്. സ്കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഗില്‍ മടങ്ങി. മാര്‍ക്ക് വുഡിന്‍റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്സിന്‍റെ കൈകളിലൊതുങ്ങി. തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയാണ്. രജത് പാടീദാറിനെ കവറില്‍ ബെന്‍ ഡക്കറ്റിന്‍റെ കൈകളിലെത്തിച്ചാണ് ഹാര്‍ട്‌ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച പാടീദാര്‍ കവറില്‍ പിടികൊടുക്കുകയായിരുന്നു.

രോഹിത്തിന്‍റെയും ജഡേജയുടെയും രക്ഷാപ്രവര്‍ത്തനം

മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാര്‍‌‌ട്‌ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യന്‍ സ്കോര്‍ 50ല്‍ നില്‍ക്കെയായിരുന്നു ഇത്. പിന്നാലെ ആന്‍ഡേഴ്സന്‍റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 157 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയര്‍ത്തു.

അരങ്ങേറ്റത്തിൽ വെടിക്കെട്ട് ഫിഫ്റ്റി, പിന്നാലെ സർഫറാസിനെ റണ്ണൗട്ടാക്കി ജഡേജ; കട്ടക്കലിപ്പിൽ ക്യാപ്റ്റൻ രോഹിത്

ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ പുറത്തായി. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി(48) പന്തില്‍ സ്വന്തമാക്കിയ സര്‍ഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റണ്‍സെടുത്ത് സര്‍ഫറാസ് പുറത്തായശേഷം 198 പന്തില്‍ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 326ല്‍ എത്തിച്ചു.

നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം
മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി