പന്താട്ടത്തില്‍ പതറി ഇംഗ്ലണ്ട്; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

By Web TeamFirst Published Mar 5, 2021, 5:25 PM IST
Highlights

ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് വാഷിംഗ്ടണ്‍ സുന്ദറില്‍ മികച്ച പങ്കാളിയെ കണ്ടെത്തി റിഷഭ് പന്ത് അടി തുടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. 82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗിയര്‍ മാറ്റി ആക്രമണത്തിലേക്ക് തിരിഞ്ഞ പന്ത് അടുത്ത 32 പന്തില്‍ സെഞ്ചുറിയിലെത്തി

അഹമ്മദാബാദ്: റിഷഭ് പന്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇംഗ്ലണ്ടിനെിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 89  റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീ‍ഡുണ്ട്. 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 11 റണ്‍സോടെ അക്സര്‍ പട്ടേലും ക്രീസില്‍. 118 പന്തില്‍ 101 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

തലയരിഞ്ഞ് ഇംഗ്ലണ്ട്, വാലില്‍ കുത്തി ഇന്ത്യ

ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് അധികം വൈകും മുമ്പെ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 17 റണ്‍സെടുത്ത പൂജാരയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്കും അധികം ആയുസുണ്ടായില്ല. ആദ്യ ദിനത്തിലെ വാക് പോരിന് മധുരമായി പകരം വീട്ടിയ പെന്‍ സ്റ്റോക്സ് കോലിയെ(0) വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിച്ചു. 41 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു.

ചെറിയൊരു ചെറുത്തു നില്‍പ്പ് വീണ്ടും തകര്‍ച്ച

അജിങ്ക്യാ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തിയെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് അമിത കരുതലെടുത്തത് ഇന്ത്യയുടെ സ്കോറിംഗിനെ  ബാധിച്ചു. ലഞ്ചിനുശേഷം ആന്‍ഡേഴ്സന്‍റെ പന്തില്‍ രഹാനെ(27) സ്ലിപ്പില്‍ സ്റ്റോക്സിന്‍റെ കൈകളിലൊതുങ്ങി. രോഹിത്തും പന്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍ അകലെ രോഹിത്(49) സ്റ്റോക്സിന്‍റെ രണ്ടാം ഇരയായി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ അശ്വിനെ(12) ജാക് ലീച്ചിന്‍റെ പന്തില്‍ ഓലി പോപ്പ് പറന്നു പിടിച്ചു. 146/6 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും പന്തിന്‍റെ പോരാട്ടം ഇംഗ്ലണ്ട് കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

പന്താട്ടത്തില്‍ പകച്ച് ഇംഗ്ലണ്ട്

ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് വാഷിംഗ്ടണ്‍ സുന്ദറില്‍ മികച്ച പങ്കാളിയെ കണ്ടെത്തി റിഷഭ് പന്ത് അടി തുടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. 82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗിയര്‍ മാറ്റി ആക്രമണത്തിലേക്ക് തിരിഞ്ഞ പന്ത് അടുത്ത 32 പന്തില്‍ സെഞ്ചുറിയിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് പന്ത് ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും സ്വദേശത്തെ ആദ്യത്തെയും സെഞ്ചുറി കുറിച്ചത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആന്‍ഡേഴ്സണ്‍ പന്തിനെ മടക്കി ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും പോരാട്ടം തുടര്‍ന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി. അക്സര്‍ പട്ടേല്‍ മികച്ച പിന്തുണ നല്‍കുക കൂടി ചെയ്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ മൂന്നും സ്റ്റോക്സ് ലീച്ച് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡോം ബെസ്സിന് വിക്കറ്റൊന്നും നേടാനായില്ല.

click me!