ധോണിയെ പിന്നിലാക്കി; നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി കോലി

By Web TeamFirst Published Mar 5, 2021, 3:59 PM IST
Highlights

കോലി 12-ാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സെടുക്കാതെ പുറത്താവുന്നത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോലിയായി ഇതോടെ.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. നേരത്തെ, ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ മൊയീന്‍ അലിയുടെ പന്തില്‍ ബൗള്‍ഡായിരുന്നു കോലി. ഇന്ന് അഹമ്മദാബാദില്‍ ബെന്‍ സ്റ്റോക്‌സിന് മുന്നിലും കോലി റണ്‍സൊന്നുമെടുക്കാതെ കീഴടങ്ങി.

കോലി 12-ാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സെടുക്കാതെ പുറത്താവുന്നത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോലിയായി. ഇതോടെ മറ്റൊരു മോശം റെക്കോഡിന്റെ കൂടി അടുത്തെത്തി കോലി. ഇന്ത്യന്‍ ടീമിന്റെ ക്യാപറ്റനായ ശേഷം എട്ടാം വണയാണ് പൂജ്യത്തിന് പുറത്താവുന്നത്.

ഇതോടെ ഒരു മോശം റെക്കോഡ് കോലിയുടെ പേരിലായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റനായിരിക്കുകയാണ് കോലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയാണ് കോലി പിന്തള്ളിയത്. ഏഴ് തവണ ധോണി പൂജ്യത്തിന് പുറത്തായി. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ താരവും കോലി തന്നെ. ഇന്നത്തേത് ഉള്‍പ്പെടെ കോലി നാല് തവണ പൂജ്യത്തിന് പുറത്തായി. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ രണ്ട് തവണ ഈ സ്‌കോറിന് പുറത്തായിട്ടുണ്ട്. 

എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍മാരില്‍ നേരത്തെതന്നെ കോലി ധോണിയെ മറികടന്നിരുന്നു.  ധോണിയുടെ അക്കൗണ്ടില്‍ 11 എണ്ണമാണുള്ളത്. നിലവില്‍ കോലി 13 തവണ ഇത്തരത്തില്‍ പുറത്തായി. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് കോലിയിപ്പോള്‍.

click me!