ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമി; ഇന്ത്യ കരുതിയിരിക്കേണ്ട 5 താരങ്ങള്‍

By Gopala krishnanFirst Published Nov 8, 2022, 4:30 PM IST
Highlights

മറ്റന്നാള്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ കരുതിയിരിക്കേണ്ടെ ചില താരങ്ങളുണ്ട് ഇംഗ്ലണ്ട് നിരയില്‍. ഈ ലോകകപ്പില്‍ ഫോമിലായ ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് മത്സരം. സൂപ്പര്‍ 12 റൗണ്ടില്‍ അഞ്ച് കളികളില്‍ മൂന്ന് ജയവും മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തിലെ ഒരു പോയന്‍റും അടക്കം ഏഴ് പോയന്‍റുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്. ഇന്ത്യയാകട്ടെ സൂപ്പര്‍ 12 റൗണ്ടില്‍ കളിച്ച അഞ്ച് കളികളില്‍ നാലിലും ജയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രം തോറ്റു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമിയിലെത്തിയത്.

മറ്റന്നാള്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ കരുതിയിരിക്കേണ്ടെ ചില താരങ്ങളുണ്ട് ഇംഗ്ലണ്ട് നിരയില്‍. ഈ ലോകകപ്പില്‍ ഫോമിലായ ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

അലക്സ് ഹെയ്ല്‍സ്:

ഈ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഹെയ്ല്‍സ് തിരിച്ചെത്തിയശേഷം തകര്‍പ്പന്‍ ഫോമിലാണ്. നാലു മത്സരങ്ങളില്‍ 125 റണ്‍സെടുത്തിട്ടുള്ള ഹെയ്ല്‍സ് അമിതാവേശം അടക്കിവെച്ച് നല്‍കുന്ന മികച്ച തുടക്കങ്ങളാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരെ നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ച ഹെയ്ല്‍സ് ഇന്ത്യക്കും ഭീഷണിയാണ്. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്കോര്‍ നേടുമെന്നതിനാല്‍ തുടക്കത്തിലെ ഹെയ്ല്‍സിനെ മടക്കാനാവും ഇന്ത്യ ശ്രമിക്കുക.

ബെന്‍ സ്റ്റോക്സ്:

തന്‍റ പതിവ് ഫോമിലേക്ക് ഉയരാനായിട്ടില്ലെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ ബെന്‍ സ്റ്റോക്സ് തന്നെയാണ് ഇപ്പോഴും ഇംഗ്ലണ്ടിന്‍റെ ആശ്രയം.ശ്രീലങ്കക്കെതിരായ ജീവന്‍മരണപ്പോരാട്ടത്തില്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റോക്സിന്‍റെ പോരാട്ടമാണ് അവരെ വിജയവര കടത്തിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയശേഷമുള്ള മടങ്ങിവരവ് ഇംഗ്ലണ്ടിന് ആശ്വാസമാകുന്നതിനൊപ്പം ഇന്ത്യക്ക് ഭീഷണിയുമാണ്. ബൗളിംഗിലും സ്റ്റോക്സ് മോശമാക്കിയിട്ടില്ല. അഞ്ച് കളികളില്‍ അഞ്ച് വിക്കറ്റെടുത്ത സ്റ്റോക്സിന്‍റെ ബൗളിംഗ് ഇക്കോണമി എട്ട് മാത്രമാണ്.

മാര്‍ക്ക് വുഡ്:

ഇന്ത്യന്‍ ഓപ്പണര്‍മാരെ വിറപ്പിക്കാനുള്ള വേഗം മാര്‍ക്ക് വുഡിനുണ്ട്, ഈ ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡിനൊപ്പം നാലു മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് എറിഞ്ഞു വീഴ്ത്താനും വുഡിനായി. 7.5 എന്ന മികച്ച ഇക്കോണമിയും വുഡിനുണ്ട്. പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും വുഡിനെ എങ്ങനെ നേരിടുന്നു എന്നത് ഇന്ത്യക്ക് നിര്‍ണായകമാകും.

സാം കറന്‍:

ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് ബൗളറായാണ് കറന്‍ തിളങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് എറിയുന്ന വൈഡ് യോര്‍ക്കറുകളിലൂടെ അവസാന ഓവറുകളിലെ ആളിക്കത്തല്‍ അവസാനിപ്പിക്കാന്‍ കറന് കഴിഞ്ഞിട്ടുണ്ട്. നാലു മത്സരങ്ങളില്‍ 9.40 ശരാശരിയിലാണ് കറന്‍ 10 വിക്കറ്റെടുത്തിട്ടുള്ളത്.

ജോസ് ബട്‌ലര്‍:

ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ മാത്രമാണ് ബട്‌ലര്‍ വെടിക്കെട്ട് ആരാധകര്‍ക്ക് കാണാനായത്. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ബട്‌ലര്‍ ഫോമിലായാല്‍ ഇന്ത്യ വെള്ളം കുടിക്കും. ബട്‌ലറെ തുടക്കത്തിലെ വീഴ്ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.

അന്ന് രഘു ഹീറോ, ഇന്ന് ക്യാപ്റ്റന്‍റെ ചീത്തവിളി; ഇന്ത്യയുടെ പരിശീലന സെഷനില്‍ ക്ഷുഭിതനായി രോഹിത്

click me!