മുഴുവൻ സമയവും മാസ്ക് ധരിച്ച് ഇരിക്കാനാവില്ല; റിഷഭ് പന്തിനെ പിന്തുണച്ച് സൗരവ് ​ഗാം​ഗുലി

By Web TeamFirst Published Jul 16, 2021, 11:54 AM IST
Highlights

ജൂൺ 30ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഇം​ഗ്ലണ്ട്-ജർമനി യൂറോ പ്രീ ക്വാർട്ടർ മത്സരം കാണാനാണ് റിഷഭ് പന്ത് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേഡിയത്തിലെത്തിയത്. മാസ്ക് പോലും ധരിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സ്റ്റേ‍‍‍ഡിയത്തിൽ നിൽക്കുന്ന ചിത്രം റിഷഭ് പന്ത് പങ്കുവെച്ചിരുന്നു.

ലണ്ടൻ: മാസ്ക് പോലും ധരിക്കാതെ യൂറോ കപ്പ് മത്സരം കാണാൻ പോയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ ബയോ സെക്യുർ ബബ്ബിളിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ അവരോട് മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ​​ഗാം​ഗുലി പറഞ്ഞു.

യൂറോ കപ്പിലെയും വിംബിൾഡണിലെയും മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചിരുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ താരങ്ങളാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം അവധിയിലും. ഈ സാഹചര്യത്തിൽ കളിക്കാർ മത്സരങ്ങൾ കാണാൻ പോയതിനെയോ മുഴുവൻ സമയവും മാസ്ക് ധരിക്കാതിരുന്നതിനെയോ കുറ്റപ്പെടുത്താനാവില്ലെന്നും ​ഗാം​ഗുലി വ്യക്തമാക്കി. പന്തിന് കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ​ഗാം​ഗുലി പറഞ്ഞു.  

ജൂൺ 30ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഇം​ഗ്ലണ്ട്-ജർമനി യൂറോ പ്രീ ക്വാർട്ടർ മത്സരം കാണാനാണ് റിഷഭ് പന്ത് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേഡിയത്തിലെത്തിയത്. മാസ്ക് പോലും ധരിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സ്റ്റേ‍‍‍ഡിയത്തിൽ നിൽക്കുന്ന ചിത്രം റിഷഭ് പന്ത് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ജൂലെ എട്ടിനാണ് റിഷഭ് പന്തിന് കൊവിഡ് സ്ഥീരീകരിച്ചത്. ഇതിനുശേഷം എട്ടു ദിവസമായി പന്ത് ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്. പന്തിന് രോ​രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോ​ഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പന്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്പെഷലിസ്റ്റായ ദയാനന്ത് ​ഗരാനിയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിം​ഗ് പരിശീലകൻ ഭരത് അരുൺ എന്നിവരെ ടീം ഹോട്ടലിൽ അവരവരുടെ മുറികളിൽ ഐസോലേഷനിലാക്കി. 10 ദിവസം ഐസൊലേഷനിൽ കഴിഞ്ഞശേഷം വീണ്ടും പരിശോധനകൾക്ക് വിധേയരായശേഷമെ ഇവർക്ക് ടീമിനൊപ്പം ചേരാനാകു.

ഇതോടെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിലും ഇവർക്ക് പങ്കെടുക്കാനാവില്ല. ഇന്ത്യൻ ടീമിലെ ശേഷിക്കുന്നവർ 20 ദിവസത്തെ വിശ്രമത്തിനുശേഷം ഇന്നലെ ഡർഹാമിലേക്ക് പോയി.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!