ലീഡ്‌സ് ടെസ്റ്റിനുള്ള ഇന്ത്യ ടീമില്‍ മാറ്റങ്ങളുണ്ടാകില്ല, പിച്ച് കണ്ട് അത്ഭുതപ്പെട്ടുവെന്ന് വിരാട് കോലി

By Web TeamFirst Published Aug 24, 2021, 7:22 PM IST
Highlights

മൂന്നാം ടെസ്റ്റിനുള്ള ലീഡ്‌സിലെ പിച്ച് കണ്ട് അത്ഭുതപ്പെട്ടുവെന്നും കോലി പറഞ്ഞു. ലീഡ്‌സില്‍ കുറച്ചുകൂടി പുല്ലുള്ള പിച്ചാണ് പ്രതീക്ഷിച്ചതെന്നും കോലി വ്യക്തമാക്കി.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു. ലോര്‍ഡ്‌സില്‍ ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ല. ടീം കോംബിനേഷന്‍ ശരിയാക്കാനായി നിര്‍ബന്ധിത മാറ്റങ്ങളുണ്ടാകില്ല. ആര്‍ക്കെങ്കിലും പരിക്കുണ്ടെങ്കില്‍ മാത്രമെ ലോര്‍ഡ്‌സില്‍ ജയിച്ച ടീമില്‍ മാറ്റം വരുത്തു. നിലവില്‍ ടീമിലെ ആര്‍ക്കും പരിക്കില്ലെന്നും കോലി പറഞ്ഞു.

മൂന്നാം ടെസ്റ്റിനുള്ള ലീഡ്‌സിലെ പിച്ച് കണ്ട് അത്ഭുതപ്പെട്ടുവെന്നും കോലി പറഞ്ഞു. ലീഡ്‌സില്‍ കുറച്ചുകൂടി പുല്ലുള്ള പിച്ചാണ് പ്രതീക്ഷിച്ചതെന്നും കോലി വ്യക്തമാക്കി. ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്‌റ്റോക്‌സുമൊന്നും ഇല്ലാതെ ദുര്‍ബലരായ ഇംഗ്ലണ്ട് ടീമിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനുള്ള സുവര്‍ണാവസരമാണോ ഇതെന്ന ചോദ്യത്തിന് എതിരാളി ദുര്‍ബലനാവുമ്പോള്‍ മാത്രമല്ല കരുത്തരായിക്കുമ്പോഴും അവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമെന്ന് കോലി പ്രതികരിച്ചു.

എതിരാളികള്‍ ദുര്‍ബലരാവുമ്പോള്‍ മാത്രം അവരെ തോല്‍പ്പിക്കാനിരിക്കുന്നവരല്ല ഈ ഇന്ത്യന്‍ ടീം. ഇത്രയും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിനോട് എങ്ങനെയാണ് ഇത്തരത്തിലൊരു തെറ്റായ ചോദ്യം ചോദിക്കുകയെന്നും കോലി ചോദിച്ചു. ആദ്യ ടെസ്റ്റില്‍ ജയത്തിനടുത്താണ് മഴ മൂലം നമ്മള്‍ സമനില വഴങ്ങിയത്. രണ്ടാം ടെസ്റ്റിലും അതേ വിജയതൃഷ്ണയോടെയാണ് നമ്മള്‍ കളിച്ചത്. എതിരാളികള്‍ പ്രകോപിപ്പിച്ചാല്‍ അതിന് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ ടിമിനാവും.

ആദ്യ രണ്ട് ടെസ്റ്റിലും രോഹിത് ശര്‍മയും കെ എല്‍ രാഹുലും നല്‍കിയ മികച്ച തുടക്കങ്ങള്‍ ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമായെന്നും കോലി പറഞ്ഞു. വിദേശ പരമ്പരകളില്‍ മികച്ച തുടക്കങ്ങള്‍ അനിവാര്യമാണ്. ആദ്യ രണ്ട് ടെസ്റ്റിലും അത് നല്‍കുന്നതില്‍ രോഹിത്തും രാഹുലും വിജയിച്ചു. വരും ടെസ്റ്റിലും അവര്‍ അതേ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് സിറാജിന്റെ ബൌളിംഗിനെയും കോലി പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.

click me!