
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. സമ്മര്‍ദമില്ല. ആശങ്കകളില്ല. സെമിയുറപ്പിച്ച ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുന്നത് ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാന്‍. ബംഗ്ലാദേശിനെയും പാകിസ്ഥാനെയും അനായാസം മറികടന്ന ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം. മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന വിരാട് കോലിയാണ് ശ്രദ്ധാകേന്ദ്രം. കോലിയും ശ്രേയസ് അയ്യരും ഉള്‍പ്പെട്ട മധ്യനിര മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ സ്പിന്‍ജോഡിയെ എങ്ങനെ നേരിടുമെന്നതും ആകാംക്ഷ.
രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പരിക്ക് മാറി മത്സരസജ്ജം. ടീമില്‍ നാല് മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്താന്‍ സാധ്യത. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിംഗും പരിഗണയില്‍. ഡാരില്‍ മിച്ചല്‍ പരിക്കില്‍ നിന്ന് മുക്തനായതോടെ ന്യൂസിലന്‍ഡ് നിരയിലും മാറ്റം ഉറപ്പ്. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം എന്നിവരുള്‍പ്പെട്ട കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വെല്ലുവിളി. ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുന്നത് അവസാന അഞ്ച് കളിയില്‍ തോല്‍വി അറിയാതെ.
ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഗ്രൂപ്പ് എ ചാംപ്യന്മാരാവും. അങ്ങനെ വന്നാല്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഇനി ന്യൂസിലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടേണ്ടി വരും. ഗ്രൂപ്പ് ചാംപ്യന്മാരാണ് ദക്ഷിണാഫ്രിക്ക.
ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ / വാഷിംഗ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍ / റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!