
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി കേരളം. സെഞ്ചുറി നേടിയ കരുണ്‍ നായരെയാണ് (135) കേരള സ്പിന്നര്‍ അക്ഷയ് ചന്ദ്രന്‍ പറഞ്ഞയച്ചത്. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി കേരളം വീഴ്ത്തി. വിദര്‍ഭയ്ക്ക് 324 റണ്‍സിന്റെ ലീഡായി ഇപ്പോള്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തിട്ടുണ്ട് ടീം. അക്ഷയ് കര്‍നെവാര്‍ (1), ദര്‍ശന്‍ നാല്‍കണ്ഡെ (0) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു വിദര്‍ഭയ്ക്ക്. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 379നെതിരെ കേരളം 342ന് പുറത്താവുകയായിരുന്നു.
കരുണിന് പുറമെ ഹര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരുടെ വിക്കറ്റും വിദര്‍ഭയ്ക്ക് നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്രീസ് വിട്ട് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. ദുബെ, ഏദന്‍ ആപ്പിള്‍ ടോമിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കടുത്ത പ്രതിരോധം തീര്‍ത്ത വഡ്കര്‍, സര്‍വാതെയുടെ പന്തില്‍ ബൌള്‍ഡാവുകയായിരുന്നു. നാലാം ദിനം ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73), യഷ് റാത്തോഡ് (24) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിംഗ്സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. രെഖാതെ, ജലജിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട് മലേവാര്‍ - കരുണ്‍ സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ യഷ് റാത്തോഡും (24) മടങ്ങി. ആദിത്യ സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതിനിടെ 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്‍കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളയുകയും ചെയ്തിരുന്നു. 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ചുറിയാണിത്. സര്‍വാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി. എം ഡി നിധീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
നേരത്തെ, സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!