ന്യൂസിലന്‍ഡിനെതിരെ ഹൈദരാബാദില്‍ ജയിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി

By Web TeamFirst Published Jan 20, 2023, 1:50 PM IST
Highlights

നിശ്ചിത സമയത്ത് ഇന്ത്യ മൂന്ന് ഓവറുകള്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ.
ഐസിസി പാനല്‍ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥാണ് ഇന്ത്യക്ക് പിഴ വിധിച്ചത്.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിന്‍റെ ആവേശജയം നേടിയെങ്കിലും ഇന്ത്യക്ക് തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലുള്ള പിഴശിക്ഷ. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന് മാച്ച് ഫീയുടെ 60 ശതമാനാണ് ഐസിസി മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. നിശ്ചിത സമയത്ത് ഇന്ത്യ മൂന്ന് ഓവറുകള്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ.ഐസിസി പാനല്‍ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥാണ് ഇന്ത്യക്ക് പിഴ വിധിച്ചത്.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍  2.22 പ്രകാരം കളിക്കാര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫും പിഴ ഒടുക്കണം. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായിരുന്ന അനില്‍ ചൗധരിയും നിതിന്‍ മേനോനുമാണ് ഇന്ത്യ നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടി മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യ പിഴവ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ ചുമത്തിയത്.

ജയിച്ചാല്‍ പരമ്പര; ബൗളിംഗ് നിരയില്‍ മാറ്റം വന്നേക്കും, ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സടിച്ചു. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 29-ാം ഓവറില്‍ 131 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായി തോല്‍വി ഉറപ്പിച്ചെങ്കിലും മധ്യനിരയില്‍ മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് മത്സരം അവസാന ഓവറിലേക്ക് നീട്ടിയിരുന്നു.

ബ്രേസ്‌വെല്‍ 78 പന്തില്‍ 140 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയായത്. ബ്രേസ്‌വെല്ലിനൊപ്പം മിച്ചല്‍ സാന്‍റ്നറും കിവീസ് ചെറുത്തു നില്‍പ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. 45 പന്തില്‍ 57 റണ്‍സടിച്ചാണ് സാന്‍റ്നര്‍ പുറത്തായത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 162 റണ്‍സാണ് അടിച്ചു കൂട്ടിയത്. നാളെ റായ്പൂരിലാണ് പരമ്പരയിലെ രണ്ടാ മത്സരം.

click me!