ലാഥം പുറത്ത്, ബോള്‍ട്ട് സംശയം; ഇന്ത്യക്കെതിരായ പരമ്പരയ്ക്ക്‌ മുന്‍പ് കിവീസിന് ഇരട്ട പ്രഹരം

By Web TeamFirst Published Jan 8, 2020, 3:06 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്കേറ്റതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ലാഥമിന് ടി20 പരമ്പര പൂര്‍ണമായും നഷ്‌ടമാകും.

വെല്ലിങ്‌ടണ്‍: ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡിന് തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലാഥമിന്‍റെയും പരിക്ക്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്കേറ്റതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ലാഥമിന് ടി20 പരമ്പര നഷ്‌ടമാകും എന്ന് ഐസിസി റിപ്പോര്‍ട്ട് ചെയ്തു. 

വലതുകൈക്ക് പരിക്കേറ്റ ബോള്‍ട്ട് ഓസീസിനെതിരായ സിഡ്‌നി ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തിലാണ് ബോള്‍ട്ടിന് പരിക്കേറ്റത്. ഈ ആഴ്‌ചയുടെ അവസാനം ബോള്‍ട്ട് ടീമിനൊപ്പം ചേരുമെന്നാണ് പരിശീലകന്‍ ഗാരി സ്റ്റെഡ് അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാന ഇന്ത്യക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കായി താരം സൂക്ഷ്‌മ നിരീക്ഷണത്തിലായിരിക്കുമെന്നും സ്റ്റെഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

സിഡ്‌നി ടെസ്റ്റിന്‍റെ നാലാം ദിനം മാര്‍നസ് ലബുഷെയ്‌ന്‍റെ ക്യാച്ചെടുക്കുന്നതിനിടെയാണ് ടോം ലാഥമിന്‍റെ ചെറുവിരലിന് പരിക്കേറ്റത്. വിരലിന് പൊട്ടലുള്ളതായി എക്‌സറേയില്‍ വ്യക്തമായിട്ടുണ്ട്. താരത്തിന് സുഖംപ്രാപിക്കാന്‍ കുറഞ്ഞത് നാല് ആഴ്‌ചകളെങ്കിലും വേണ്ടിവരും എന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍റെ വാര്‍ത്തക്കുറിപ്പ് വ്യക്തമാക്കുന്നു. ഇതോടെ ലാഥമിന് ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനാവില്ല എന്ന് ഉറപ്പായി. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി(0-3) നേരിട്ടാണ് കിവികള്‍ ഇന്ത്യക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യക്കെതിരെ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കിവീസ് കളിക്കും. ജനുവരി 24ന് ഓക്‌ലന്‍ഡില്‍ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം തുടങ്ങുന്നത്. 

click me!