ആദ്യ ടെസ്റ്റില്‍ ആര് ഓപ്പണ്‍ ചെയ്യും; അന്തിമ ഇലവനെക്കുറിച്ച് സൂചനയുമായി കോലി

By Web TeamFirst Published Feb 19, 2020, 5:46 PM IST
Highlights

പ്രതിഭാധനനായ കളിക്കാരനാണ് പൃഥ്വി ഷാ. സ്വന്തമായി ഒരു ശൈലിയുള്ള പൃഥ്വി അതേശൈലിയില്‍ ബാറ്റ് വീശണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. നൈസര്‍ഗികമായി അക്രമിച്ചു കളിക്കുക എന്നതാണ് പൃഥ്വിയുടെ ശൈലി.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിന് മുന്നോടിയായി നടത്തിയ വര്‍ത്താസമ്മേളനത്തിലാണ് കോലി അന്തിമ ഇലവനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ മികച്ച താളത്തിലാണ് പന്തെറിയുന്നതെന്നും കൃത്യമായ സ്ഥലങ്ങളില്‍ പന്ത് പിച്ച് ചെയ്യിക്കാന്‍ ഇഷാന്തിന് കഴിയുന്നുണ്ടെന്നും കോലി പറഞ്ഞു.

മുമ്പ് ന്യൂസിലന്‍ഡില്‍ കളിച്ചിട്ടുള്ള ഇഷാന്തിന്റെ പരിചയസമ്പത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്നും പരിക്കിന് മുമ്പ് എങ്ങനെയാണോ അതേ താളത്തിലും വേഗത്തിലും പന്തെറിയുന്ന ഇഷാന്തിനെ കാണുന്നത് സന്തോഷകരമാണെന്നും കോലി പറഞ്ഞു.ഇഷാന്ത് ആദ്യ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ കളിക്കുമെന്നതിന്റെ സൂചനയാണ് ക്യാപ്റ്റന്റെ വാക്കുകള്‍.

യുവ ഓപ്പണര്‍  പൃഥ്വി ഷായെയും കോലി പിന്തുണച്ചു. പ്രതിഭാധനനായ കളിക്കാരനാണ് പൃഥ്വി ഷാ. സ്വന്തമായി ഒരു ശൈലിയുള്ള പൃഥ്വി അതേശൈലിയില്‍ ബാറ്റ് വീശണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. നൈസര്‍ഗികമായി അക്രമിച്ചു കളിക്കുക എന്നതാണ് പൃഥ്വിയുടെ ശൈലി. ആ ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ തലമുറയിലെ കളിക്കാര്‍ നിര്‍ഭയരാണ്. മികച്ച പ്രകടനം നടത്തണമെന്ന സമ്മര്‍ദ്ദം അവരുടെ മുതകില്‍ ഇല്ല. അതുകൊണ്ടുതന്നെ അവരുടെ സ്വാഭാവിക കളി പുറത്തെടുക്കാനാവുന്നുവെന്നും കോലി പറഞ്ഞു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി തന്നെ ഓപ്പണറാകുമെന്നതിന്റെ സൂചനയായി കോലിയുടെ വാക്കുകളെ കാണാം. കളിക്കാരുടെ പരിശീലനം നോക്കിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. 21നാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുക.

click me!