എപ്പോള്‍ വിരമിക്കും..? ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി വിരാട് കോലി

By Web TeamFirst Published Feb 19, 2020, 5:33 PM IST
Highlights

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍ത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 31കാരനായ കോലി വിരമിക്കുന്നതിനെ കുറിച്ച് ആരാധകര്‍ പോലും ചിന്തിച്ചുകാണില്ല.
 

വെല്ലിങ്ടണ്‍: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍ത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 31കാരനായ കോലി വിരമിക്കുന്നതിനെ കുറിച്ച് ആരാധകര്‍ പോലും ചിന്തിച്ചുകാണില്ല. എന്നാല്‍ ആദ്യമായി വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് കോലി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി.

മൂന്ന് വര്‍ഷം കൂടി സജീവമായി ക്രിക്കറ്റില്‍ തുടരുമെന്നാണ് കോലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദിന- ടി20 ലോകകപ്പുകള്‍ നേടുകയാണ് ലക്ഷ്യം. അതിന് ശേഷം ക്രിക്കറ്റിന്റെ ഏതെങ്കിലു ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ചിന്തിക്കും. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഈ തീരുമാനത്തില്‍ മാറ്റങ്ങളുമുണ്ടായേക്കാം.

താരങ്ങളുടെ ജോലിഭാരം ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്യണം. ഒരു വര്‍ഷത്തില്‍ 300 ദിവസവും കളിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മടുപ്പും ജോലിഭാരവും ബാധിക്കുന്നുണ്ട്. ടീമിനെ നയിക്കുകയെന്നത് അത്ര ലഘുവായ കാര്യമല്ല. 

പരിശീലനത്തിലെ കാഠിന്യവും വലുതാണ്. 34- 35 വയസ് ആകുമ്പോള്‍ ഇതുപോലെ കളിക്കാന്‍ കഴിയുമോ എന്നുള്ള കാര്യം സംശയമാണ്. ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പുറത്തെടുക്കാനായേക്കുമെന്നാണ് പ്രതീക്ഷ.'' ക്യാപ്റ്റന്‍ പറഞ്ഞുനിര്‍ത്തി.

click me!