ബാറ്റ്സ്മാന്‍മാരുടെ 'മുട്ടി'കളിക്കെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍

By Web TeamFirst Published Feb 27, 2020, 9:08 PM IST
Highlights

മികച്ച തുടക്കങ്ങള്‍ വലിയ സ്കോറുകളാക്കി മാറ്റാന്‍ അജിങ്ക്യാ രഹാനെക്ക് കഴിയുന്നില്ലെന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെറ്റായിട്ടില്ല. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുയര്‍ത്താനും ഇന്ത്യക്ക് കഴിയുന്നില്ല.

മുംബൈ: ന്യൂസിലന്‍‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അമിത പ്രതിരോധത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായ ദിലീപ് വെംഗ്‌സര്‍ക്കാര്‍. ചേതേശ്വര്‍ പൂജാര വലിയ സ്കോറുകള്‍ നേടുന്ന ബാറ്റ്സ്മാനാണെങ്കിലും അദ്ദേഹസം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കണമെന്ന് വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു. പൂജാര പ്രതിരോധിച്ചു നിന്നാല്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ബാറ്റ്സ്മാന് മേല്‍ സമ്മര്‍ദ്ദമേറുമെന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

മികച്ച തുടക്കങ്ങള്‍ വലിയ സ്കോറുകളാക്കി മാറ്റാന്‍ അജിങ്ക്യാ രഹാനെക്ക് കഴിയുന്നില്ലെന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെറ്റായിട്ടില്ല. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുയര്‍ത്താനും ഇന്ത്യക്ക് കഴിയുന്നില്ല. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പൂജാരയുടെയും വിഹാരിയുടെയും അമിത പ്രതിരോധത്തിനെതിരെ രംഗത്തുവന്നിരുന്നു. ബാറ്റിംഗ് നിര കുറച്ചുകൂടി ആക്രമണോത്സുകത പുറത്തെടുക്കണമെന്ന് കോലി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പൂജാരയുടെ അമിതപ്രതിരോധത്തെ ഇന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യാ രഹാനെ ന്യായീകരിച്ചിരുന്നു. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹാനെ പൂജാരയെ പിന്തുണച്ചത്. ബാറ്റിംഗിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പൂജാരക്ക് മുന്നോട്ട് പോകാനാവില്ലെന്ന് തോന്നിയിട്ടില്ലെന്നും രഹാനെ പറഞ്ഞിരുന്നു.വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാര 81 പന്തില്‍ 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഹനുമാ വിഹാരി 79 പന്തില്‍ 15 റണ്‍സാണെടുത്തത്.

click me!