ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് സഞ്ജു സാംസണ്‍ വന്നാല്‍ അത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലേക്കുള്ള സഞ്ജു സാംസന്റെ വരവ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എം എസ് ധോണി കെട്ടിപ്പടുത്ത വലിയൊരു പാരമ്പര്യം നയിക്കുക എന്നത് ഏതൊരു താരത്തെ സംബന്ധിച്ചും പ്രയാസകരമായ കാര്യമാണെന്നും സഞ്ജുവിന്റെ സാന്നിധ്യം റുതുരാജിന് കൂടുതല്‍ കരുത്താകുമെന്നും പത്താന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയ്ക്ക് 2025ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകേണ്ടി വന്നിരുന്നു.
പരിക്കു മൂലം കഴിഞ്ഞ സീസണിന്റെ പകുതിയോളം റുതുരാജിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് യുവ ക്യാപ്റ്റന് മുന്നിലുള്ളത്. ഇതിനെ കുറിച്ച് പത്താന്‍ വിശദീകരിക്കുന്നതിങ്ങനെ... ''സഞ്ജു ടീമിലെത്തുന്നത് റുതുരാജിന് തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ അവസരമൊരുക്കും. ഒരു നായകനെന്ന നിലയില്‍ റുതുരാജ് വളരുന്നത് നമ്മള്‍ കണ്ടതാണ്. ധോണിയുടെ പാരമ്പര്യം ഏറ്റെടുത്ത് ഒരു ഐപിഎല്‍ ടീമിനെ നയിക്കുക എന്നത് കരിയറിലെ ഏറ്റവും കഠിനമായ കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ധോണിയുടെ പിന്തുണയ്ക്കൊപ്പം സഞ്ജു നല്‍കുന്ന സഹായം കൂടി ചേരുമ്പോള്‍ അത് റുതുരാജിന് വലിയ ഗുണകരമാകും.'' പത്താന്‍ പറഞ്ഞു.
യുവരക്തത്തില്‍ ചെന്നൈയുടെ പുതിയ തുടക്കം
സീനിയര്‍ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന പഴയ രീതിയില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മാറിച്ചിന്തിക്കുന്നതായും പത്താന്‍ ചൂണ്ടിക്കാട്ടി. ഭാവി മുന്‍നിര്‍ത്തി യുവതാരങ്ങളിലാണ് ഇത്തവണ ഫ്രാഞ്ചൈസി നിക്ഷേപം നടത്തിയിരിക്കുന്നത്. ഡിവാള്‍ഡ് ബ്രേവിസ്, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ആവേശകരമായ യുവനിര ചെന്നൈയ്ക്കൊപ്പമുണ്ട്. പരിചയസമ്പന്നരായ താരങ്ങള്‍ക്ക് പകരം യുവതാരങ്ങളെ അണിനിരത്തി പുതിയൊരു യുഗത്തിന് തുടക്കം കുറിക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

