കോലിക്കെതിരെ വാളെടുക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന്‍

By Web TeamFirst Published Mar 2, 2020, 7:17 PM IST
Highlights

കഠിനമായി പരിശീലിച്ചാലും ഇത്തരം പരാജയങ്ങള്‍ എല്ലാ കളിക്കാരുടെയും കരിയറില്‍ സ്വാഭാവികമാണ്. പാക് താരം മുഹമ്മദ് യൂസഫും ഇതുപോലെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കോലിയുടെ ബാറ്റിംഗ് ടെക്നിക്കിനെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. സത്യത്തില്‍ ഇതൊക്കെ കേട്ടിട്ട് അത്ഭുതമാണ് തോന്നുന്നത്. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തമാക്കിയ കളിക്കാരന്റെ ടെക്നിക്കിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്നും ഇന്‍സമാം പറഞ്ഞു.

കഠിനമായി പരിശീലിച്ചാലും ഇത്തരം പരാജയങ്ങള്‍ എല്ലാ കളിക്കാരുടെയും കരിയറില്‍ സ്വാഭാവികമാണ്. പാക് താരം മുഹമ്മദ് യൂസഫും ഇതുപോലെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. അന്ന് യൂസഫിന്റെ ബാറ്റ് ലിഫ്റ്റാണ് പ്രശ്നമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ യൂസഫിനോട് ഞാന്‍ പറഞ്ഞത്, ഇതേ ബാറ്റ് ലിഫ്റ്റുവെച്ചല്ലേ താങ്കള്‍ ഇത്രയും റണ്‍സടിച്ചുകൂട്ടിയത്, അപ്പോഴില്ലാത്ത പ്രശ്നം ഇപ്പോഴങ്ങനെ ഉണ്ടായി എന്നായിരുന്നു.

കോലിയെ മാത്രം വിമര്‍ശിക്കുന്നവര്‍ മറ്റ് ബാറ്റ്സ്മാന്‍മാരും റണ്‍സടിച്ചില്ലെന്ന കാര്യം മറക്കരുത്. ഇതെല്ലാം കളിയുടെ ഭാഗമാണ്. അത് അതിന്റേതായി രീതിയില്‍ സ്വീകരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്-ഇന്‍സമാം പറഞ്ഞു. ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം റാങ്കുകാരനായ കോലിക്ക് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് (2, 19, 3, 14) ആകെ 38 റണ്‍സ് മാത്രമാണ് നേടാനായത്.

click me!