2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം, സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ സാങ്കേതിക മാറ്റങ്ങളെയും അദ്ദേഹത്തിന്റെ മനോഭാവത്തെയും കുറിച്ച് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് വെളിപ്പെടുത്തുന്നു. 

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ, ടൂര്‍ണമെന്റിലെ താരമായി മാറിയ സഞ്ജു സാംസണിന്റെ കുതിപ്പിന് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്. ടീമില്‍ സ്ഥാനമുറപ്പില്ലാതിരുന്നിട്ടും, അവസരം ലഭിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സഞ്ജു ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിനെ കോട്ടക് പ്രശംസിച്ചു.

സാങ്കേതിക മാറ്റങ്ങളും കാത്തിരിപ്പും

ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ഈ ഘട്ടത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗില്‍ വരുത്തിയ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് കോട്ടക് വിശദീകരിച്ചു. ''സഞ്ജുവിന്റെ ട്രിഗര്‍ മൂവ്മെന്റില്‍ മാറ്റം വരുത്താന്‍ ഏകദേശം ആറു മുതല്‍ എട്ടു മാസം വരെ സമയമെടുത്തു. പന്തിനെ നേരിടുമ്പോള്‍ കാലുകള്‍ക്കിടയിലുള്ള അകലം കൃത്യമാക്കാനും സ്ഥിരതയുള്ള ഒരു ബേസ് സൃഷ്ടിക്കാനും ഇത് സഹായിച്ചു. ഇതിലൂടെയാണ് നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജുവിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചത്.'' സിതാന്‍ഷു പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഞാന്‍ എപ്പോഴും സഞ്ജുവിനോട് പറയുമായിരുന്നു, എപ്പോള്‍ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം, നീ തയ്യാറായിരിക്കണം എന്ന്. വിഷമിക്കേണ്ട, ടീമിന് എന്നെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ എന്റെ സംഭാവന നല്‍കും എന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ മറുപടി.'' സിതാന്‍ഷു കൂട്ടിചേര്‍ത്തു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സഞ്ജു

ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെ മാത്രമാണ് സഞ്ജുവിന് ആദ്യം അവസരം ലഭിച്ചത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയതോടെ സഞ്ജു പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97, സെമി ഫൈനലിലും ഫൈനലിലും 89 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. വെറും 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു, ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോ്ലിയുടെ റെക്കോര്‍ഡ് മറികടന്നു. വിരാട് കോലിക്കും ജസ്പ്രിത് ബുംറയ്ക്കും ശേഷം ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു മാറി.

ഗംഭീറിന്റെയും സൂര്യകുമാറിന്റെയും പിന്തുണ

സഞ്ജുവിന്റെ ആക്രമണോത്സുകമായ ശൈലിയില്‍ വിശ്വാസമര്‍പ്പിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും കോട്ടക് അഭിനന്ദിച്ചു. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അവര്‍ സഞ്ജുവിനൊപ്പം നിന്നു. 2019ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു നടത്തിയ വെടിക്കെട്ട് ഇന്നിംഗ്‌സ് കണ്ടപ്പോള്‍ തന്നെ തനിക്ക് ഈ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും കോട്ടക് ഓര്‍മ്മിച്ചു.

YouTube video player