ഇതിലും വലിയ പ്രചോദനമുണ്ടോ; സഞ്ജുവിന്റെ അത്ഭുത സേവ് സ്ക്രീന്‍ സേവറാക്കി വ്യവസായ പ്രമുഖന്‍

By Web TeamFirst Published Feb 3, 2020, 6:49 PM IST
Highlights

മത്സരം ഇന്ത്യ ജയിച്ചത് ഏഴ് റണ്‍സിനാണെന്നത് കണക്കിലെടുക്കുമ്പോഴാണ് സഞ്ജുവിന്റെ സൂപ്പര്‍മാന്‍ സേവിന്റെ വില മനസിലാവുക

ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങാന്‍ അവസരം ലഭിച്ചിട്ടും തിളങ്ങാന്‍ കഴിയാഞ്ഞതിലെ നിരാശ മുഴുവന്‍ ഒറ്റ ഫീല്‍ഡിംഗ് കൊണ്ട് മായ്ച്ചു കളയുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ പന്ത് സിക്സറടിക്കാന്‍ ശ്രമിച്ച റോസ് ടെയ്‌ലറെ ബൗണ്ടറിയില്‍ പറന്നു പിടിച്ച സഞ്ജു നിലതെറ്റി ബൗണ്ടറിക്ക് പുറത്തേക്ക് വീഴുന്നതിന് മുമ്പ് പന്ത് ബൗണ്ടറിക്ക് അകത്തേക്ക് ഇട്ടു. സിക്സര്‍ എന്നുറപ്പിച്ച ഷോട്ടില്‍ കിവീസിന് ലഭിച്ചത് രണ്ട് റണ്‍സ് മാത്രം.

മത്സരം ഇന്ത്യ ജയിച്ചത് ഏഴ് റണ്‍സിനാണെന്നത് കണക്കിലെടുക്കുമ്പോഴാണ് സഞ്ജുവിന്റെ സൂപ്പര്‍മാന്‍ സേവിന്റെ വില മനസിലാവുക.സഞ്ജുവിന്റെ സൂപ്പര്‍ മാന്‍ ഫീല്‍ഡിംഗിനെ പ്രശസംസിച്ച് ക്രിക്കറ്റ് ലോകത്തുന്നിന്ന് നിരവധി പേരെത്തിയെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായത് വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റായിരുന്നു.

I don’t think I need to explain this pic to anyone in India or New Zealand. It’s my screensaver for this week. No better Monday morning inspiration... pic.twitter.com/YHyFKq6lmN

— anand mahindra (@anandmahindra)

സഞ്ജുവിന്റെ പ്രകടനത്തെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവില്ലെന്നും ഇതിലും വലിയ പ്രചോദനം വേറെന്തുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ചോദിച്ചു. സഞ്ജു വായുവില്‍ പറന്ന് പന്ത് പിടിക്കുന്ന ചിത്രം ഈ ആഴ്ച തന്റെ ഫോണിലെ സ്ക്രീന്‍ സേവറായിരിക്കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

When repeat the performance at field - Outstanding pic.twitter.com/vpfe1S3P9q

— Punit (@punitbansal14)

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് രണ്ട് റണ്‍സ് മാത്രമെ നേടാനായുള്ളു. എന്നാല്‍ ഫീല്‍ഡില്‍ സഞ്ജുവിന്റെ പ്രകടനം ശരിക്കും കൈയടി അര്‍ഹിക്കുന്നതായിരുന്നു.

click me!