ദക്ഷിണാഫ്രിക്ക ചെറിയ സ്‌കോറില്‍ പുറത്ത്; ഫോളോ ഓണിന് അയച്ച് ടീം ഇന്ത്യ

By Web TeamFirst Published Oct 21, 2019, 1:49 PM IST
Highlights

ഇന്ത്യ 335 റണ്‍സിന്‍റെ ലീഡ് നേടി. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സുബൈര്‍ ഹംസയാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍.

റാഞ്ചി: ഇന്ത്യക്കെതിരെ റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്യും. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസ് 56.2 ഓവറില്‍ 162 റണ്‍സില്‍ പുറത്തായി. ഇതോടെ ഇന്ത്യ 335 റണ്‍സിന്‍റെ ലീഡ് നേടി. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സുബൈര്‍ ഹംസയാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമിയും ഷഹബാദ് നദീമും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റും നേടി. 

എന്തൊരു മൂര്‍ച്ച ഈ ബൗളിംഗ് നിരയ്‌ക്ക്!

ഇന്ന് ആദ്യ ഓവറില്‍ തന്നെ നായകന്‍ ഫാഫ് ഡുപ്ലസിസിനെ(1) ബൗള്‍ഡാക്കി ഉമേഷ് യാദവ് പ്രോട്ടീസിന് പ്രഹരമേല്‍പിച്ചു. പക്ഷേ, തെംബാ ബാവുമയെ കൂട്ടുപിടിച്ച് സുബൈര്‍ ഹംസ ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ടെസ്റ്റിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സുബൈറിനെ 62ല്‍ നില്‍ക്കേ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. തെംബാ ബാവുമയെ 32 റണ്‍സില്‍ നില്‍ക്കേ സാഹ സ്റ്റംപ് ചെയ്തതോടെ നദീമിന് കന്നി ടെസ്റ്റ് വിക്കറ്റ്. ആറ് റണ്‍സെടുത്ത ഹെന്‍‌റിച്ച് ക്ലാസനെയും ജഡേജ ബൗള്‍ഡാക്കിയതോടെ 119-6 എന്ന ദയനീയ നിലയിലായി ദക്ഷിണാഫ്രിക്ക. 

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റിന് 129 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടില്‍. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്. ഓവറില്‍ ഡെയ്‌ന്‍ പീറ്റിനെ(4) മടക്കി ഷമി. തൊട്ടടുത്ത ഓവറില്‍ ഉമേഷിന്‍റെ നേരിട്ടുള്ള ത്രോയില്‍ റബാഡ റണ്‍ഔട്ടായി. പ്രതിരോധിക്കാന്‍ ശ്രമിച്ച ജോര്‍ജ് ലിന്‍ഡെയെ(81 പന്തില്‍ 37) ഉമേഷും ആന്‍റിച്ച് നേര്‍ജെയെ(55 പന്തില്‍ 4) നദീമും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 

ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം ദിനം ഷമി-ഉമേഷ് പേസാക്രമണത്തില്‍ എട്ട് റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമി ഡീന്‍ എല്‍ഗാറിനെ(0) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഉമേഷ് യാദവിന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്വിന്‍റണ്‍ ഡികോക്കിനെയും(4) സാഹ പിടികൂടി. 

തകര്‍ത്താടി രോഹിത്, ക്ലാസ് രഹാനെ, മിന്നല്‍ ഉമേഷ്

ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(212), 11-ാം സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും(115) ആണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍(497-9) സമ്മാനിച്ചത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയും(51), അവസാന ഓവറുകളിലെ ഉമേഷ് യാദവ് വെടിക്കെട്ടും(10 പന്തില്‍ 31) ഇന്ത്യക്ക് നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കായി ജോര്‍ജ് ലിന്‍ഡെ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് വീഴ്‌ത്തി. 

click me!