കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍

By Web TeamFirst Published Mar 12, 2020, 11:07 PM IST
Highlights

 ധര്‍മശാലയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 22000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 16000 ടിക്കറ്റുകളാണ് വിറ്റു പോയിരുന്നത്.

മുംബൈ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ.  കൊവിഡ് 19 കായിക ലോകത്തേയും ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. മാര്‍ച്ച് 15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മത്സരങ്ങള്‍. ധര്‍മശാലയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 22000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 16000 ടിക്കറ്റുകളാണ് വിറ്റു പോയിരുന്നത്.

ഐപിഎല്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഐപിഎല്ലിന്റെ കാര്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്. ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്.

നേരത്തെ കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍.

click me!