ടെസ്റ്റില്‍ ലോക റെക്കോര്‍ഡിന് ഒരു വിക്കറ്റ് അകലെ അശ്വിന്‍

By Web TeamFirst Published Oct 5, 2019, 6:39 PM IST
Highlights

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ഉള്‍പ്പെടെ 66 ടെസ്റ്റില്‍ 349 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. 66 ടെസ്റ്റില്‍ നിന്ന് 350 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അതിഗംഭീരമാക്കിയ അശ്വിന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ സ്വന്തമാവും. ഒപ്പം ടെസ്റ്റില്‍ അതിവേഗം 350 വിക്കറ്റെടുക്കുന്ന ബൗളറെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്താനും അശ്വിനാവും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ഉള്‍പ്പെടെ 66 ടെസ്റ്റില്‍ 349 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. 66 ടെസ്റ്റില്‍ നിന്ന് 350 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ അശ്വിനും മുരളിയുടെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തും. ടെസ്റ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ ആദ്യ ബൗളറാണ് മുരളീധരന്‍.

ടെസ്റ്റുകളുടെ എണ്ണത്തില്‍ മുരളിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുമ്പോഴും എറിഞ്ഞ പന്തുകളുടെ കണക്കില്‍ അശ്വിന് മുരളിയെ രണ്ടാമനാക്കാനും നാളെ അവസരമുണ്ട്. 350 വിക്കറ്റെടുക്കാനായി മുരളി 3605.2 ഓവര്‍ എറിഞ്ഞപ്പോള്‍ 3108.2 ഓവറിലാണ് അശ്വിന്‍ 349 വിക്കറ്റെടുത്തത്. എന്നാല്‍ ടെസ്റ്റിലെ ബൗളിംഗ് ശരാശരിയിലും ഇക്കോണമിയിലും റണ്‍സ് വഴങ്ങിയതിലുമെല്ലാം മുരളി അശ്വിനേക്കാള്‍ മുന്നിലാണ്.

click me!