
വിശാഖപട്ടണം: ഇന്ത്യ - ദക്ഷിണാഫ്രിക്ക നിര്‍ണായക മൂന്നാം ഏകദിനം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്ത് ഇരുവരും പരമ്പര വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ സമ്മര്‍ദം ടീം ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ഇന്ത്യക്ക് ഏകദിന പരന്പരയിലെ തോല്‍വികൂടി താങ്ങാനാവില്ല. 358 റണ്‍സ് നേടിയിട്ടും പ്രതിരോധിക്കാനാവാത്ത ബൗളിംഗ് നിരയാണ് ആശങ്ക.
വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയുടെ അഭാവം നികത്താനാവുന്നില്ല. അര്‍ഷ്ദീപ് സിംഗും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും അവസരത്തിനൊത്തുയര്‍ന്നാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ ത്രയത്തിനും ഉത്തരവാദിത്തമേറെ. ആരാധകര്‍ ഉറ്റുനോക്കുന്നത് ഹാട്രിക് സെഞ്ച്വറി ലക്ഷ്യമിടുന്ന വിരാട് കോലിയുടെ ബാറ്റിലേക്ക്. 2018ല്‍ ഹാട്രിക് സെഞ്ച്വറി നേടിയിട്ടുള്ള കോലി വിശാഖപട്ടണത്ത് കളിച്ച ഏഴ് ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ 587 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
രോഹിത് ശര്‍മ്മ നല്‍കുന്ന തുടക്കവും നിര്‍ണായകമാവും. റുതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഫോമില്‍ ആയതിനാല്‍ സ്‌കോര്‍ബോര്‍ഡിനെക്കുറിച്ച് ആശങ്കയില്ല. യശസ്വീ ജയ്‌സ്വാള്‍കൂടി റണ്‍സടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. റണ്‍സ് പിന്തുടര്‍ന്ന് റെക്കോര്‍ഡ് ജയം സ്വന്തമാക്കിയ ആവേശത്തിലാണ് തെംബ ബവുമയും സംഘവും. വാലറ്റംവരെ നീളുന്നതാണ് ബാറ്റിംഗ് കരുത്ത്. ബൗളര്‍മാരും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നവര്‍.
പരിക്കേറ്റ ബര്‍ഗെറിനും സോര്‍സിക്കും പകരം ബാര്‍ട്ട്മാനും റിക്കിള്‍ട്ടനും ഇലവനില്‍ എത്തിയേക്കും. വിശാഖപട്ടണത്ത് കളിച്ച ഒന്‍പത് കളിയില്‍ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. അവസാന ഇരുപത് ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന് ടോസ്‌നേടാന്‍ കഴിഞ്ഞിട്ടില്ല.
സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.