വിന്‍ഡീസ് ബൗളിംഗ് ഇതിഹാസത്തിനൊപ്പം; ഉമേഷ് യാദവിന് ചരിത്രനേട്ടം

By Web TeamFirst Published Oct 21, 2019, 6:36 PM IST
Highlights

ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സുകളില്‍ മൂന്നോ അതില്‍ക്കൂടുതലോ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറെന്ന റെക്കോര്‍ഡാണ് ഉമേഷ് സ്വന്തമാക്കിയത്.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റത് കൊണ്ട് മാത്രം ടെസ്റ്റ് ടീമിലെത്തിയതാണ് ഉമേഷ് യാദവ്. ആദ്യ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ഉമേഷ് പൂനെയിലെ രണ്ടാം ടെസ്റ്റില്‍ ടീമിലെത്തി. ലഭിച്ച അവസരം മുതലാക്കി.

പൂനെയിലെ രണ്ട് ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ എറിഞ്ഞിട്ട ഉമേഷ് മൂന്നാം ടെസ്റ്റിലും സ്ഥാനം നിലനിര്‍ത്തി. റാഞ്ചി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഉമേഷ് മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സുകളില്‍ മൂന്നോ അതില്‍ക്കൂടുതലോ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറെന്ന റെക്കോര്‍ഡാണ് ഉമേഷ് സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം കോര്‍ട്നി വാല്‍ഷാണ് ഈ നേട്ടത്തില്‍ ഉമേഷിന്റെ ഒരേയൊരു മുന്‍ഗാമി. ഇന്ത്യയില്‍ കളിച്ച അവസാന അ‍ഞ്ച് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഉമേഷ് 6/88, 4/45, 3/37, 3/22 3/40 എന്നിങ്ങനെയാണ് വിക്കറ്റ് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഉമേഷിന് നാലാം ദിനം വീണ്ടും മൂന്ന് വിക്കറ്റുമായി റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാനും അവസരമുണ്ട്.

click me!