വനിതാ ഏകദിന ലോകകപ്പ്: തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയോട്, സാധ്യതാ ഇലവന്‍

Published : Oct 09, 2025, 12:13 PM IST
India vs South Africa Women Odi World Cup

Synopsis

വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ബാറ്റിംഗ് നിരയിലെ പ്രമുഖരുടെ ഫോമില്ലായ്മ ഇന്ത്യക്ക് തലവേദനയാകുമ്പോൾ, ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് മികവിലാണ് ടീമിന്റെ പ്രതീക്ഷ. 

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളിതുടങ്ങുക. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഹര്‍മന്‍ പ്രീത് കൗറും സംഘവും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്തത് 88 റണ്‍സിന്. എന്നാല്‍ ശക്തരായ എതിരാളികളെ ഇന്ത്യക്ക് ലഭിച്ചില്ലെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരോടും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്.

സ്മൃതി മന്ദാന, ഹാര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ രണ്ട് മത്സരത്തിലും സ്മൃതിക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ലെന്നുള്ളതാണ് ഇന്ത്യയുടെ തലവേദന. സഹ ഓപ്പണര്‍ പ്രതിക റാവലും അവസരത്തിനൊത്ത് ഉയരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയുടെ മിന്നും ഫോമിനൊപ്പം യുവതാരം ക്രാന്തി ഗൗദിന്റെ ബൗളിംഗ് മികവുമാണ് ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കുന്നത്.

അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഈവര്‍ഷം അഞ്ച് സെഞ്ച്വറി നേടിയ ടസ്മിന്‍ ബ്രിറ്റ്‌സിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുന്നത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റെയും മരിസാനേ കപ്പിന്റെയും പ്രകടനവും നിര്‍ണായകം.

ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇരുടീമും ഏകദിനത്തില്‍ ഇതുവരെ ഏറ്റുമുട്ടിയത് 33 മത്സരങ്ങളില്‍. ഇന്ത്യ ഇരുപതിലും ദക്ഷിണാഫ്രിക്ക 12ലും ജയിച്ചു. ഒരുമത്സരം ഉപേക്ഷിച്ചു. അവസാനം നേര്‍ക്കുനേര്‍ വന്ന അഞ്ചിലും ജയിക്കാനായത് ഇന്ത്യന്‍ ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നുറപ്പ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സ്മൃതി മന്ദാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗദ്.

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?