
ലക്‌നോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് (IND vs SL T20Is) പൂർണ സജ്ജനായെന്ന് ഇന്ത്യന്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (Ravindra Jadeja). രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡേജ ഇന്ത്യൻ ടീമിൽ (Team India) തിരിച്ചെത്തുന്നത്.
ശക്തമായ തിരിച്ചുവരവിന് 'സര്‍' ജഡേജ
നവംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനവും വിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരയും ജഡേജയ്ക്ക് നഷ്ടമായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയ്‌ക്കും പരിശീലനത്തിനും ശേഷമാണ് ജഡേജ ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കേ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
മുപ്പത്തിമൂന്നുകാരനായ രവീന്ദ്ര ജഡേജ 57 ടെസ്റ്റിലും 168 ഏകദിനത്തിലും 55 രാജ്യാന്തര ട്വന്‍റി 20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 232ഉം ഏകദിനത്തിൽ 188ഉം ടി20യിൽ 46ഉം വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 2195ഉം ഏകദിനത്തില്‍ 2411ഉം രാജ്യാന്തര ടി20യില്‍ 256ഉം റണ്‍സ് ജഡേജയ്‌ക്കുണ്ട്. ഐപിഎല്ലിലാവട്ടെ 200 മത്സരങ്ങളില്‍ 2386 റണ്‍സും 127 വിക്കറ്റും ജഡ്ഡുവിന് സ്വന്തം.
വീണ്ടും ജേഴ്‌സണിയാന്‍ സഞ്ജുവും
ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് ലക്‌നോവില്‍ തുടക്കമാകും. വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ ടി20. ലോക റാങ്കിംഗിലെ ഒന്നാമന്മാരെന്ന പകിട്ടുമായാണ് ലങ്കയെ ടീം ഇന്ത്യ നേരിടുക. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾ തൂത്തുവാരിയ ആവേശവും ഇന്ത്യന്‍ ടീമിനുണ്ട്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുമോയെന്നത് തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നതാണ്.
ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്ന് രോഹിത് പ്രശംസിച്ചു. ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യനായ സഞ്ജുവിന് ആത്മവിശ്വാസവും പിന്തുണയും നൽകും. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ വ്യക്തമാക്കി. സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരിക്കേറ്റതോടെ ഇന്ത്യയുടെ ടീം ലൈനപ്പിൽ അഴിച്ചുപണിയുണ്ടാകും. പകരക്കാരെ ഉൾപ്പെടുത്താത്തതിനാൽ സഞ്ജു സാംസൺ ടീമിലെത്താനാണ് സാധ്യത.
ഈ വർഷം ടി20 ലോകകപ്പ് വരുന്നതിനാൽ ശ്രീലങ്കയ്ക്കും പരമ്പര ഏറെ നിർണായകമാണ്. ഐസൊലേഷനിൽ തുടരുന്ന വാനിന്ദു ഹസരങ്ക ഇന്ന് കളിക്കില്ലെന്നുറപ്പാണ്. ഓസ്ട്രേലിയക്കെതിരെ 4-1ന് തോറ്റാണ് ശ്രീലങ്ക വരുന്നത്. ട്വന്‍റി 20യിലെ നേർക്കുനേർ പോരിൽ ലങ്കയ്ക്കെതിരെ 22 മത്സരങ്ങളിൽ 14 ജയമുണ്ട് ഇന്ത്യക്ക് എന്നത് രോഹിത്തിനും കൂട്ടര്‍ക്കും കൂടുതല്‍ സാധ്യത നല്‍കുന്നു.