
ധരംശാല: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(India vs Sri Lanka) മലയാളി താരം സഞ്ജു സാംസണ്(Sanju Samson) ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്‍റെ നിരാശയിലായിരുന്നു മലയാളികള്‍. ആദ്യ മത്സരത്തില്‍ രണ്ടാം വിക്കറ്റ് വീണപ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) രവീന്ദ്ര ജഡേജയെയായിരുന്നു(Rvindra Jadeja) ബാറ്റിംഗിന് വിട്ടത്.
അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗ് കിട്ടുമോ എന്ന ആശങ്കയും ആകാക്ഷയിലുമായിരുന്നു ആരാധകര്‍. എന്നാല്‍ രണ്ടാം മത്സരത്തില്‍ ലങ്ക മികച്ച സ്കോര്‍ ഉയര്‍ത്തുകയും തുടക്കത്തിലെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇഷാന്‍ കിഷനെയും(Ishan Kishan) നഷ്ടമാകുകയും ചെയ്തതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു ക്രീസിലെത്തി.
എന്നാല്‍ ആരാധകര്‍ കാണാനാഗ്രഹിച്ച പ്രകടമായിരുന്നില്ല സഞ്ജുവില്‍ നിന്ന് തുടക്കത്തില്‍ വന്നത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു ശക്തമായ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചു. ശ്രീലങ്ക റിവ്യു എടുത്തെങ്കിലും സഞ്ജു രക്ഷപ്പെട്ടു. പിന്നീട് 12 പന്തില്‍ ആറ് റണ്‍സെടുത്തു നില്‍ക്കെ ഷനകയുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ലോംഗ് ഓണില്‍ ലങ്കന്‍ ഫീല്‍ഡല്‍ നിലത്തിടുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. സഞ‌്ജു താളം കണ്ടെത്താന്‍ വിഷമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചു തകര്‍ത്തത് റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദം ഇന്ത്യയില്‍ നിന്ന് അകറ്റി.
കുമാരയെ അടിച്ചോടിച്ച് മിന്നല്‍ സഞ്ജു
ലഹിരു കുമാര എറിഞ്ഞ പതിമൂന്നാം ഓവറിലാണ് സഞ്ജു വിശ്വരൂപം പുറത്തെടുത്തത്. അതുവരെ ശ്രേയസിന്‍റെ ചിറകിന് കീഴില്‍ പതുങ്ങി നിന്ന സഞ്ജു കുമാരയുടെ ഓവറില്‍ പറത്തിയത് എണ്ണം പറഞ്ഞ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും. 23 റണ്‍സ് പിറന്ന ആ ഓവറാണ് കളിയുടെ ഗതി പൂര്‍ണമായും ഇന്ത്യക്ക് അനുകൂലമാക്കിയത്. അതുവരെ വിജയത്തിലേക്ക് ഒന്ന് എറിഞ്ഞു നോക്കാമെന്ന് കരുതിയ ലങ്കയുടെ അവസാന പ്രതീക്ഷയും ബൗണ്ടറി കടത്തുന്നതായിരുന്നു സഞ്ജുവിന്‍റെ ആ മൂന്ന് പടുകൂറ്റന്‍ സിക്സുകള്‍.
ഒടുവില്‍ വണ്ടര്‍ ക്യാച്ചില്‍ സഞ്ജു വീണു
23 റണ്‍സ് പിറന്ന ഓവറിലെ ആദ്യ പന്തില്‍ സഞ്ജു ബൗണ്ടറി നേടിയത് ഭാഗ്യത്തിന്‍റെ അകമ്പടിയോടെയായിരുന്നു. ഇന്‍സൈഡ് എഡ്ജ് ചെയ്ത കുമാരയുടെ പന്തില്‍ സിംഗിള്‍ മാത്രമെ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്ത ബിനുരാ ഫെര്‍ണാണ്ടോയുടടെ മിസ് ഫീല്‍ഡില്‍ സഞ്ജുവിന് ബൗണ്ടറി കിട്ടി. എന്നാല്‍ സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ പന്ത് ബൗണ്ടറി കടത്തിയ ഇതേ ഫെര്‍ണാണ്ടോ തന്നെ ആ ഓവറിലെ അവസാന പന്തില്‍ സഞ്ജുവിനെ സ്ലിപ്പില്‍ പിടികൂടി ഞെട്ടിച്ചു.
ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ കവറിന് മുകളിലൂടെ സിക്സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത് പന്ത് അതിവേഗം സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറി കടക്കുമെന്ന് കരുതിയെങ്കിലും വൈഡ് സ്ലിപ്പില്‍ ഫെര്‍ണാണ്ടൊ ഒറ്റക്കൈയില്‍ സഞ്ജുവിനെ പറന്നുപിടച്ച് ലങ്കന്‍ താരങ്ങളെപ്പോലും ഞെട്ടിച്ചു. പുറത്തായെങ്കിലും ലങ്ക പിളര്‍ത്തിയ മൂന്ന് സിക്സിലൂടെ തന്‍റെ സാന്നിധ്യം ശക്തമായി അറിയിച്ചാണ് സഞ്ജു ക്രീസ് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!