India vs Sri Lanka, 2nd T20I: അടിച്ചുതകര്‍ത്ത് അയ്യരും സഞ്ജുവും ജഡേജയും, ലങ്കയെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

By Web TeamFirst Published Feb 26, 2022, 10:31 PM IST
Highlights

ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് തുടര്‍ച്ചയായ മൂന്നാം പരമ്പരയും ഇന്ത്യക്ക് പതിനൊന്നാം ജയവും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. സഞ്ജു 25 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 18 പന്തില്‍ 45 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി.

ധരംശാല: ശ്രേയസ് അയ്യരുടെയും(Shreyas Iyer) മലയാളി താരം സഞ്ജു സാംസണിന്‍റെയും(Sanju Samson) രവീന്ദ്ര ജഡേജയുടെയും(Ravindra Jadeja) വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ ടി20 പരമ്പരയിലെ രണ്ടാം മത്സത്തില്‍ ശ്രീലങ്കയെ(India vs Sri Lanka, 2nd T20I)  എട്ടു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് വമ്പന്‍ ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. എട്ട വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം.

ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് തുടര്‍ച്ചയായ മൂന്നാം പരമ്പരയും ഇന്ത്യക്ക് പതിനൊന്നാം ജയവും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. സഞ്ജു 25 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 18 പന്തില്‍ 45 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി. മൂന്നാം വിക്കറ്റില്‍ ശ്രേയസും സഞ്ജുവും പടുത്തുയര്‍ത്തിയ നിര്‍ണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 183-5, ഇന്ത്യ 17.1ഓവറില്‍ 186-3

തുടക്കം പാളി

ലങ്കയുടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചമീര എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് അഞ്ചോവറില്‍ ഇന്ത്യയെ 44 റണ്‍സിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ഇഷാന് അതേട പ്രകടനം ആവര്‍ത്തിക്കാനായില്ല. 15 പന്തില്‍ 16 റണ്‍സെടുത്ത ഇഷാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 44 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു.

അടിച്ചുതകര്‍ത്ത് അയ്യര്‍, കരുതലോടെ സഞ്ജു

കിഷന്‍ പുറത്തായെങ്കിലും ഒരറ്റത്ത് ശ്രേയസ് അയ്യര്‍ അടിച്ചുതകര്‍ത്തതോടെ ഇന്ത്യ അതിവേഗം കുതിച്ചു. തുടക്കത്തില്‍ പതറിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ശ്രേയസിന് സ്ട്രൈക്ക് കൈമാറി സഞ്ജു വിക്കറ്റ് കളയാതെ പിടിച്ചു നിന്നു. ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. മറുവശത്ത് ശ്രേയസ് അടി തുടര്‍ന്നു. 30 പന്തില്‍ ശ്രേയസ് അര്‍ധസെഞ്ചുറിയിലെത്തി. ഇതിനിടെ ഷനകയുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ലോംഗ് ഓണില്‍ നിലത്തിട്ടു. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. 12-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.

മിന്നല്‍ സഞ്ജു

മിന്നല്‍ സഞ്ജു

ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.

വെടിക്കെട്ടുമായി ജഡേജയും

സഞ്ജു പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ സഞ്ജു നിര്‍ത്തിയേടത്തു നിന്ന് തുടങ്ങി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ജഡേജ ഫോറുകളും സിക്സുകളുമായി കളം നിറഞ്ഞതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. ചമീര എറിഞ്ഞ പതിനാറാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 22 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ഒടുവില്‍ ചമീരയെ തന്നെ ബൗണ്ടറി കടത്തി ജഡേജ ലങ്കയുടെ പതനം പൂര്‍ത്തിയാക്കി. 18 പന്തില്‍ 45 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

നേരത്തെ പതിഞ്ഞ തുടക്കത്തിനുശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാറ്റര്‍മാരുടെ മികവിലാണ്  ശ്രീലങ്കക്ക്മികച്ച സ്കോര്‍ കുറിച്ചത് 53 പന്തില്‍ 75 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്ക(Pathum Nissanka) ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഗുണതിലക 38ഉം(Danushka Gunathilaka) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷനക(Dasun Shanaka) 19 പന്തില്‍ 47 ഉം റണ്‍സെടുത്തു. അവസാന നാലോവറില്‍ 72 റണ്‍സാണ് ലങ്ക അടിച്ചുകൂട്ടിയത്.

click me!