
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിന് (India vs Sri Lanka 2nd Test) ഇന്ന് തുടക്കം. ബെംഗളൂരുവിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി (Pink Ball Test) തുടങ്ങുക. മൊഹാലിയിലെ (Mohali Test 2022) ഇന്നിംഗ്സ് വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ (Team India). പരമ്പര തൂത്തുവാരാൻ രോഹിത് ശര്‍മ്മയും (Rohit Sharma) സംഘവും ഇറങ്ങുമ്പോൾ ശ്രീലങ്കയ്ക്ക് (Sri Lanka Cricket Team) എത്രത്തോളം ചെറുത്തുനിൽക്കാനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മൊഹാലിയിലെ വിക്കറ്റ് കൊയ്ത്ത് ആവർത്തിക്കാൻ സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റിൽ രവീന്ദ്ര ജഡേജയും ആർ അശ്വിനും ഇറങ്ങുമ്പോൾ ലങ്കയ്ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ജയന്ത് യാദവിന് പകരം അക്സർ പട്ടേൽ ഇലവനിലെത്തും. മൂന്ന് പേസർമാരെയാണ് രോഹിത് പരിഗണിക്കുന്നതെങ്കിൽ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജിനായിരിക്കും അവസരം കിട്ടുക. ബാറ്റിംഗ് നിരയിൽ ഇളക്കമുണ്ടാവില്ല.
സെഞ്ചുറിക്കായുള്ള വിരാട് കോലിയുടെ കാത്തിരിപ്പിന് ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2019 നവംബറിൽ കൊൽക്കത്തയിലെ പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇതിനുശേഷം ക്രീസിലെത്തിയ 71 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. നിസ്സങ്ക, ലഹിരു എന്നിവർക്ക് പരിക്കേറ്റതിനാൽ ലങ്കൻ ടീമിൽ മാറ്റം ഉറപ്പാണ്.
മൊഹാലി- ജഡേജ ടെസ്റ്റ്
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തിരുന്നു. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്‍റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയായിരുന്നു. ജഡേജയായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം സ്‌കോര്‍ ചെയ്‌തതും(97 പന്തില്‍ 96), ഹനുമാ വിഹാരി(58), ആര്‍ അശ്വിന്‍(61), വിരാട് കോലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി. ജഡേജ അഞ്ചും അശ്വിനും ബുമ്രയും രണ്ട് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 174 റണ്‍സില്‍ വീണു. ഫോളോ-ഓണില്‍ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും കളംവാണപ്പോള്‍ ലങ്ക കൂറ്റന്‍ തോല്‍വിയിലേക്ക് വഴുതിവീഴുകയായിരുന്നു. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!