ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ (Ranji Trophy) കേരളത്തിനായി കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെ രണ്ട് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. അടുത്ത മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയതുമില്ല.

കൊച്ചി: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷതിരെ (KCA) പൊട്ടിതെറിച്ച് എസ് ശ്രീശാന്ത് (S Sreesanth). വിട വാങ്ങള്‍ മത്സരം പോലും തന്നില്ലെന്നാണ് ശ്രീശാന്തിന്റെ പരാതി. ഇന്ത്യക്കായി 27 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 87 വിക്കറ്റ് വീഴ്ത്തിയിരുന്നു. 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ഏകദിനത്തില്‍ 75 വിക്കറ്റും ടി20 വിക്കറ്റില്‍ ഏഴ് വിക്കറ്റും വീഴ്ത്തി.

ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ (Ranji Trophy) കേരളത്തിനായി കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെ രണ്ട് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. അടുത്ത മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയതുമില്ല. പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീശാന്ത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗുജറാത്തിനെതിരെ രണ്ടാം രഞ്ജി മത്സരം കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. മത്സരത്തില്‍ മുമ്പുള്ള ടീം മീറ്റിംഗില്‍ അത് ഞാന്‍ കേരളത്തിന് വേണ്ടി കളിക്കുന്ന അവസാന മത്സരമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഒരു വിടവാങ്ങല്‍ മത്സരം ഞാന്‍ അര്‍ഹിച്ചിരുന്നു. എനിക്കിപ്പോഴും 132 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കും. 19 വയസുകാരന്‍ എറിയുന്ന അതേ ഊര്‍ജസ്വലതയോടെ പന്തെറിയാന്‍ എനിക്ക് സാധിക്കും.'' ശ്രീശാന്ത് വ്യക്തമാക്കി.

Scroll to load tweet…

വിരമിക്കല്‍ തീരുമാനം പെട്ടെന്ന് സ്വീകരിച്ചതല്ലെന്നും ഏറെ നാളുകളായി ഇതിനെപ്പറ്റി ആലോചിച്ചിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. ''മൂന്ന് മാസത്തില്‍ കൂടുതലായി വിമരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. കേരളത്തിനായി കളിച്ച് തിരിച്ചുവരാന്‍ സാധിച്ചെങ്കിലും ഐപിഎല്ലിലെ ലേലപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ടു. ഇത് ഏറെ നിരാശയുണ്ടാക്കി. ഇതോടെ വിരമിക്കിക്കല്‍ തീരുമാനമെടുക്കുകയായിരുന്നു.'' ശ്രീശാന്ത് പറഞ്ഞു. ക്രരിയര്‍ അവസാനിപ്പിച്ചെങ്കിലും ഇനിയും ക്രിക്കറ്റുമായിത്തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. 

ഐപിഎല്ലിലെ ഒത്തുകളി ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലാകുകയും ബിസിസിഐയുടെ വിലക്ക് നേരിടുകയും പിന്നീട് വിലക്കിന്റെ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചെത്തി കേരളത്തിനായി പന്തെറിയുകയും ചെയ്ത ശ്രീശാന്തിന്റെ ലക്ഷ്യം 2023ലെ ഏകദിന ലോകകപ്പില്‍ വീണ്ടും ഇന്ത്യക്കായി പന്തെറിയുക എന്നതായിരുന്നു. അതിലേക്കുള്ള ആദ്യ പടിയായിരുന്നു കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചതും ഇത്തവണ രഞ്ജിയില്‍ കേരളത്തിനായി പന്തെറിഞ്ഞതുമെല്ലാം.

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പരിക്ക് ശ്രീശാന്തിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. തിരിച്ചുവരവിലും ആക്രമണോത്സുകതക്കും വേഗതക്കുമൊന്നും കുറവില്ലാതിരുന്ന ശ്രീശാന്തിന് പരിക്കുമൂലം രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ രണ്ടാം മത്സരം നഷ്ടമായി. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മധ്യപ്രദേശിനെതിരായ മൂന്നാം മത്സരത്തിന് കാത്തു നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങി ചികിത്സതേടിയ ശ്രീശാന്ത് ഇനിയും തന്നില്‍ ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തിലും വ്യക്തമാക്കുന്നു.