
ആന്‍റിഗ്വ: അടുത്തമാസം 12ന് ആരംഭിക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ഏതാനും ദിവസത്തേക്ക് നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ് വെസ്റ്റ് ഇന്‍ഡീസ് ടീം. ടെസ്റ്റ് ടീം അംഗങ്ങളും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. അടുത്ത മാസം ഒമ്പതിനാണ് ലോകപ്പ് യോഗ്യതാ പോരാട്ടങ്ങളുടെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.
സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ 9ന് പൂര്‍ത്തിയാക്കി 12ന് ആദ്യ ടെസ്റ്റിന് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ക്ക് രാജ്യത്ത് തിരിച്ചെത്താനാവുമോ എന്ന ആശങ്കയാണ് ടെസ്റ്റ് പരമ്പര ഏതാനും ദിവസത്തേക്ക് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണം. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താലെ കരീബിയന്‍ ദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമായ റോസേയുവില്‍ എത്താനാവു. 12ന് ഡൊമനിക്കയിലാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കേണ്ടത്.
ടെസ്റ്റിനും വൈറ്റ് ബോള്‍ ക്രിക്കറ്റിനും വ്യത്യസ്ത ടീമുകളാണ് വിന്‍ഡീസ് പൊതുവെ അണിനിരത്താറുള്ളതെങ്കിലും ജേസണ്‍ ഹോള്‍ഡര്‍, കെയ്ല് മയേഴ്സ്, റോസ്റ്റണ്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ്. ഇവരാകട്ടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മത്സരക്കാനായി സിംബാബ്‌വെയിലുമാണ്.
'വെറും 124 കിലോ മീറ്റര്‍ വേഗം, എന്നിട്ടാണ് ഈ അഹങ്കാരം'; ഒലീ റോബിന്‍സണെ പൊരിച്ച് ഹെയ്ഡനും പോണ്ടിംഗും
അതേസമയം, ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളുടെ ഫൈനല്‍ എന്നത് അപ്രസക്തമാണെന്നും അതിനാല്‍ ഫൈനലിലെത്തിയാല്‍ ടെസ്റ്റ് ടീമിലെ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് ശ്രമിക്കുന്നതെന്നും വിന്‍ഡീസ് ബോര്‍ഡ് പ്രതിനിധി പറഞ്ഞു. ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ക്കും ലോകകപ്പിന് യോഗ്യത നേടാനാവുമെന്നതിനാലാണ് ഫൈനല്‍ അപ്രസക്തമാക്കുന്നത്.
രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലുള്ളത്. 12ന് ഡൊമനിക്കയില്‍ ആദ്യ ടെസ്റ്റും 20ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ രണ്ടാം ടെസ്റ്റും കളിക്കുന്ന ഇന്ത്യ തുടര്‍ന്ന് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും മത്സരിക്കും.