'യുവതാരത്തിന് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം'; വിന്‍ഡീസ് പര്യടനത്തെക്കുറിച്ച് കോലി

By Web TeamFirst Published Aug 3, 2019, 3:29 PM IST
Highlights

ധോണിക്ക് പകരം ടീമിലെത്തിയ പന്തിന് 'തല'യുടെ പിന്‍ഗാമിയായി കഴിവ് തെളിയിക്കാന്‍ ഇതിനേക്കാള്‍ വലിയ ഒരവസരം ഇനി ലഭിച്ചേക്കില്ല

ഫ്ലോറിഡ: വിന്‍ഡീസ് പര്യടനം ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌‌മാന്‍ ഋഷഭ് പന്താണ് ഇവരിലൊരാള്‍. സൈനിക സേവനത്തിനായി വിട്ടുനില്‍ക്കുന്ന എം എസ് ധോണിക്ക് പകരം കളിക്കുന്ന പന്തിന് 'തല'യുടെ പിന്‍ഗാമിയായി കഴിവ് തെളിയിക്കാന്‍ ഇതിനേക്കാള്‍ വലിയ ഒരവസരം ഇനി ലഭിച്ചേക്കില്ല. പ്രത്യേകിച്ച് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍.

ഋഷഭ് പന്തിന്‍റെ സാധ്യതകളെ കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് നായകന്‍ വിരാട് കോലിക്കുമുള്ളത്. 'ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനും മികവ് കാട്ടാനും ഋഷഭ് പന്തിനെ പോലൊരു താരത്തിന് സുവര്‍ണാവസരമാണിത്. പ്രതിഭയെ പന്തിന് തുറന്നുകാട്ടാനുള്ള സമയമാണിത്. പന്ത് എത്രത്തോളം പ്രതിഭാധനനായ താരമാണെന്ന് നമുക്കറിയാം. സ്ഥിരതയാര്‍ന്ന താരമായി പന്ത് വളരുന്നത് കാണാനാണ് ആഗ്രഹം' എന്നും കോലി പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതോടെ എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ പശ്‌ചാത്തലത്തിലാണ് പന്ത് വിന്‍ഡീസില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ടി20 ഇന്ന് രാത്രി എട്ടിന് ഫ്ലോറിഡയില്‍ നടക്കും. 

click me!