മുംബൈയിലെ പ്രമുഖ വാഹന ഡീലർഷിപ്പായ നവ്‌നിത് മോട്ടോഴ്‌സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. കറുത്ത നിറത്തിലുള്ള പുത്തൻ ഡിഫെൻഡറിനൊപ്പം നടാഷയും മകൻ അഗസ്ത്യയും നിൽക്കുന്ന ചിത്രങ്ങൾ അവർ പങ്കുവെച്ചു.

മുംബൈ: നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും മുൻഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകൻ അഗസ്ത്യക്കും നാലു കോടി രൂപയുടെ ആഡംബര കാര്‍ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന 'ലാൻഡ് റോവർ ഡിഫെൻഡർ' ആഡംബര എസ്‌യുവി ആണ് ഹാർദിക് മുന്‍ ഭാര്യക്കും മകനും സമ്മാനിച്ചിരിക്കുന്നത്.

സർപ്രൈസ് സമ്മാനം പുറത്തായത് ഇങ്ങനെ

മുംബൈയിലെ പ്രമുഖ വാഹന ഡീലർഷിപ്പായ നവ്‌നിത് മോട്ടോഴ്‌സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. കറുത്ത നിറത്തിലുള്ള പുത്തൻ ഡിഫെൻഡറിനൊപ്പം നടാഷയും മകൻ അഗസ്ത്യയും നിൽക്കുന്ന ചിത്രങ്ങൾ അവർ പങ്കുവെച്ചു. 'തന്‍റെ ഡിഫെൻഡർ വാങ്ങാൻ ഹാർദിക് പാണ്ഡ്യ ഒരിക്കൽ കൂടി നവ്‌നിത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനുമായി ഈ വാഹനം സമർപ്പിക്കുന്നു', എന്നാണ് ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചത്. കസ്റ്റമൈസ് ചെയ്ത് മാറ്റം വരുത്തുമ്പോൾ ഇതിന്‍റെ വില 3 കോടി മുതൽ 4 കോടി വരെയാകാമെന്നാണ് റിപ്പോർട്ട്.

View post on Instagram

2024 ജൂലൈയിലാണ് ഹാർദിക്കും നടാഷയും തങ്ങളുടെ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അതിന് ശേഷവും മകൻ അഗസ്ത്യയുടെ സന്തോഷത്തിനായി ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. ജീവിതത്തിൽ പുതിയ പങ്കാളികളെ കണ്ടെത്തുമ്പോഴും തന്‍റെ മകന്‍റെയും മുൻഭാര്യയുടെയും കാര്യത്തിൽ ഹാർദിക് കാണിക്കുന്ന ഈ കരുതൽ ആരാധകരുടെ മനം കവരുകയാണ്.

അടുത്തിടെയാണ് ഹാർദിക് തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. മോഡലായ മഹൈക ശർമയുടെ 25-ാം ജന്മദിനത്തിൽ ഹാർദിക് പങ്കുവെച്ച റൊമാന്‍റിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹൈകയും ഹാർദിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. അതേസമയം, നടാഷയും മുംബൈയിൽ തന്‍റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ്. താൻ വീണ്ടും പ്രണയത്തിനായി മനസ്സ് തുറന്നിരിക്കുകയാണെന്ന് നടാഷ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഹാർദിക്കിന്‍റെ ഈ വലിയ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. വേർപിരിഞ്ഞാലും പരസ്പര ബഹുമാനം നിലനിർത്താമെന്നും കുഞ്ഞിന്‍റെ വളർച്ചയിൽ മാതാപിതാക്കൾ ഒന്നിച്ചുനിൽക്കണമെന്നും ഹാർദിക് തെളിയിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.