വിന്‍ഡീസിനെതിരായ മൂന്നാം ടി20, മാറ്റങ്ങളുറപ്പ്; ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Dec 10, 2019, 10:07 PM IST
Highlights

അഞ്ചാം നമ്പറിലാണ് പ്രതീക്ഷിക്കുന്ന ആദ്യ മാറ്റം. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരം മനീഷ് പാണ്ഡെയോ സഞ്ജു സാംസണോ അവസരം ലഭിക്കാനിടയുണ്ട്

മുംബൈ: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ബുധനാഴ്ച ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദം ടീം ഇന്ത്യക്കാണ്. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നതിനാല്‍ പോരാട്ടം കനക്കുമെന്നുറപ്പ്. തിരുവനന്തപുരത്തെ തോല്‍വിയോടെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുകയാണ്.

മൂന്നാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ ടീം: ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ രാഹുല്‍ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിത് ശര്‍മയ്ക്കൊപ്പം മുംബൈയിലും ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റമുണ്ടാവില്ല. തിരുവനന്തപുരത്ത് വണ്‍ഡൗണായി ശിവം ദുബെ ഇറങ്ങി തകര്‍ത്തടിച്ച സാഹചര്യത്തില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായാല്‍ ദുബെ തന്നെയാവും വണ്‍ ഡൗണ്‍ ഇറങ്ങുക. ഓപ്പണര്‍മാര്‍ മികച്ച അടിത്തറയിട്ടാല്‍ കോലി വണ്‍ ഡൗണായി എത്തും.

അഞ്ചാം നമ്പറിലാണ് പ്രതീക്ഷിക്കുന്ന ആദ്യ മാറ്റം. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരം മനീഷ് പാണ്ഡെയോ സഞ്ജു സാംസണോ അവസരം ലഭിക്കാനിടയുണ്ട്. മുഷ്താഖ് അലിയില്‍ മികച്ച ഫോമിലായിരുന്ന മനീഷ് പാണ്ഡെയെ അന്തിമ ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ആറാമനായി ഋഷഭ് പന്ത് തന്നെ അന്തിമ ഇലവനില്‍ എത്തും. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ തുടരുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക ക്യാച്ച് കൈവിട്ട വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തുപോയേക്കും. സുന്ദര്‍ പുറത്തിരുന്നാല്‍ കുല്‍ദീപ് യാദവിന് അന്തിമ ഇലവനില്‍ അവസരം ലഭിക്കും.യുസ്‌വേന്ദ്ര ചാഹല്‍ അന്തിമ ഇലവനില്‍ തുടരുമ്പോള്‍ ദീപക് ചാഹറിനൊപ്പം പേസ് ബൗളിംഗ് നയിക്കാന്‍ മുഹമ്മദ് ഷമി അന്തിമ ഇലവനില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.

click me!