ഇക്കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ലോകകപ്പില്‍ തിരിച്ചടിയാവുമെന്ന് പത്താന്‍

By Web TeamFirst Published Dec 10, 2019, 7:30 PM IST
Highlights

ലോകകപ്പിന് മൂന്നോ നാലോ മാസം മുമ്പെങ്കിലും ടീം സെറ്റായിരിക്കണം. ഉത്തരവാദിത്തെക്കുറിച്ച് ടീം അംഗങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാവണം.

തിരുവനന്തപുരം: ട്വന്‍റി 20യിലെ ബാറ്റിംഗ് ക്രമം, ഇന്ത്യ ഉടന്‍ നിശ്ചയിക്കണമെന്ന് ഇര്‍ഫാന്‍ പത്താന്‍. ബുമ്രയുടെ ബൗളിംഗ് പങ്കാളിയെ തീരുമാനിക്കാന്‍ വൈകരുതെന്നും ഇന്ത്യന്‍ മുന്‍ പേസര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിന് 10 മാസം മാത്രം ബാക്കിയുള്ളപ്പോഴും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കുറിച്ച് ഒരു വ്യക്തതയുമില്ല. ഈ അനിശ്ചിതത്വം നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് 2007 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ഹീറോയായ ഇര്‍ഫാന്‍ പത്താന്‍.

ലോകകപ്പിന് മൂന്നോ നാലോ മാസം മുമ്പെങ്കിലും ടീം സെറ്റായിരിക്കണം. ഉത്തരവാദിത്തെക്കുറിച്ച് ടീം അംഗങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാവണം. കളിക്കാര്‍ക്ക് അവരുടെ ഉത്തരാവാദിത്തങ്ങളെക്കുറിച്ച് വ്യക്തയുള്ളതാണ് ടെസ്റ്റ് ടീമിന്റെ നേട്ടത്തിന് കാരണം. 2007നുശേഷം ആദ്യമായി ടി20 ലോകകപ്പ് നേടണമെങ്കില്‍ ടി20 ടീമിനും ഈ വ്യക്തത വേണം.

നിലവിലെ ബൗളിംഗ് യൂണിറ്റിന്‍റെ വൈവിധ്യം മുന്‍പൊരിക്കലും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ല. ഫ്ലാറ്റ് പിച്ചിലോ ബൗണ്‍സുള്ള പിച്ചിലോ മികവ് കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവും. അവസാന ഓവറുകളിലെ റണ്‍ഒഴുക്ക് തടയാന്‍ ജസ്പ്രീത് ബുമ്രയ്ക്ക് മാത്രം കഴിയില്ല. ആരാവണം അവസാന ഓവറുകളില്‍ ബുമ്രക്കൊപ്പം പന്തെറിയേണ്ടതെന്ന് നേരത്തെ തീരുമാനിക്കണമെന്നും  ഇര്‍ഫന്‍ പത്താന്‍ പറഞ്ഞു.

click me!