
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഗാലറി ടിക്കറ്റുകള്‍ക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പവലിയന്‍ ടിക്കറ്റിന് 1250 രൂപയും, പവലിയന്‍ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയന്‍ ടിക്കറ്റുകള്‍ക്ക് 2500 രൂപയും കെസിഎ ബോക്‌സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്‌സുകളും ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.
ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യര്‍ത്ഥിച്ചു. ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ബോക്‌സ് ഓഫീസും പ്രത്യേക ഹെല്‍പ് ഡെസ്‌കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവര്‍ത്തന സമയം തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കെസിഎ വ്യക്തമാക്കി. സെപ്റ്റംബര്‍ 23-ന് വെസ്റ്റ് ഇന്‍ഡീസ് , ഇന്ത്യന്‍ ടീമുകള്‍ തിരുവനന്തപുരത്ത് എത്തും. 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ ഇന്ത്യന്‍ ടീമും തിരുവനന്തപുരത്ത് പരിശീലനം നടത്തും.
26-ന് ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ഇന്ത്യന്‍ ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമുമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ ഏകദിന മത്സരത്തിന് തുടക്കമാകും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബര്‍ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തില്‍ നടക്കും.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോലി പുറത്താകാതെ നേടിയ 166 റണ്‍സിന്റെ മികവില്‍ ഇന്ത്യ 390 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റണ്‍സിന് പുറത്താക്കി 317 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!