രോഹിത്തിനും രാഹുലിനും സെഞ്ചുറി, കുല്‍ദീപിന് ഹാട്രിക്ക്; വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

By Web TeamFirst Published Dec 18, 2019, 9:29 PM IST
Highlights

ഇന്ത്യ കൈവിട്ട കളി തുടര്‍ന്നതോടെ നിക്കൊളാസ് പുരാന്‍ ഇന്ത്യക്ക് ഭീഷണിയായി. 47 പന്തില്‍ 75 റണ്‍സടിച്ച പുരാന്‍ തകര്‍ത്തടിച്ചതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപോവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ പുരാനെയും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും മടക്കി ഷമി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.

വിശാഖപട്ടണം: രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന് അടിച്ചൊതുക്കിയ വിന്‍ഡീസിനെ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് എറിഞ്ഞിട്ടപ്പോള്‍ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പമെത്തി(1-1). ഇന്ത്യ ഉയര്‍ത്തിയ 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ പോരാട്ടം 43.3 ഓവറില്‍ 280 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 388/5, വെസ്റ്റ് ഇന്‍ഡീസ് 43.3 ഓവറില്‍ 280ന് ഓള്‍ ഔട്ട്.

നല്ല തുടക്കം, വിറപ്പിച്ച് പുരാന്‍

ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 61 റണ്‍സടിച്ച് എവിന്‍ ലൂയിസ്-ഷായ് ഹോപ്പ് സഖ്യം വിന്‍ഡീസിന് മികച്ച തുടക്കമിട്ടു. തുടക്കത്തിലെ ഹോപ്പ് നല്‍കിയ അനായാസ ക്യച്ച് സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ കൈവിട്ടു. ലൂയിസ് പുറത്തായശേഷം ക്രീസിലെത്തിയ വെടിക്കെട്ട് വീരന്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ശ്രേയസ് അയ്യരുടെ ഉജ്ജ്വല ഫീല്‍ഡിംഗില്‍ റണ്ണൗട്ടായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നാലു റണ്ണായിരുന്നു ഹെറ്റ്മെയറുടെ സമ്പാദ്യം. റോസ്റ്റണ്‍ ചേസിനെ(4) ജഡേജ മടക്കിയതോടെ വിന്‍ഡീസ് പോരാട്ടമില്ലാതെ കീഴടങ്ങുമെന്ന് കരുതി.

ഷമിയുടെ ഡബിള്‍ സ്ട്രൈക്ക്

എന്നാല്‍ ഇന്ത്യ കൈവിട്ട കളി തുടര്‍ന്നതോടെ നിക്കൊളാസ് പുരാന്‍ ഇന്ത്യക്ക് ഭീഷണിയായി. 47 പന്തില്‍ 75 റണ്‍സടിച്ച പുരാന്‍ തകര്‍ത്തടിച്ചതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപോവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ പുരാനെയും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും മടക്കി ഷമി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ആറ് സിക്സറും ആറ് ബൗണ്ടറിയും പറത്തിയ പുരാന്‍ ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പരീക്ഷിച്ചു. പുരാന്‍ നല്‍കിയ അനായാസ ക്യാച്ച് ദീപക് ചാഹര്‍ നിലത്തിട്ടിരുന്നു. പുരാന്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച് ഷമി ഹാട്രിക്കിന് അടുത്തെത്തി. എന്നാല്‍ ഈവര്‍ഷം രണ്ടാം ഹാട്രിക്ക് നേടാന്‍ ഷമിക്കായില്ല.

ഷമിയുടെ നഷ്ടം നേട്ടമാക്കി കുല്‍ദീപ്

ഷമിയുടെ ഹാട്രിക്ക് നഷ്ടം നേട്ടമാക്കി മാറ്റുകയായിരുന്നു കുല്‍ദീപ് യാദവ്. ഷമിയുടെ ഇരട്ട പ്രഹരത്തില്‍ പകച്ച വിന്‍ഡീസിന്റെ വാലറ്റത്തെ കറക്കി വീഴ്ത്തി കുല്‍ദീപ് ഹാട്രിക്ക് സ്വന്തമാക്കി. 33-ാം ഓവറിലായിരുന്നു കുല്‍ദീപിന്റെ ഹാട്രിക്ക്. നാലാം പന്തില്‍ ഷായ് ഹോപ്പിനെ ബൗണ്ടറിയില്‍ വിരാട് കോലിയുടെ കൈകകളില്‍ എത്തിച്ചാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്.

കുല്‍ദീപിന്റെ തൊട്ടടുത്ത പന്തില്‍ ജേസണ്‍ ഹോള്‍ഡറെ ഋഷഭ് പന്ത് മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കി. അവസാന പന്തില്‍ അല്‍സാരി ജോസഫിനെ കേദാര്‍ ജാദവിന്റെ കൈകളില്‍ എത്തിച്ചാണ് കുല്‍ദീപ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ കുല്‍ദീപിന്റെ രണ്ടാം ഹാട്രിക്കാണിത്. 2017ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കുല്‍ദീപിന്റെ ആദ്യ ഹാട്രിക്ക്.

വാലരിഞ്ഞ് ജഡേജയും ഷമിയും

വാലറ്റത്ത് പൊരുതിയ കാരി പെറിയെ(21) ജഡേജയും കീമോ പോളിനെ(46) ഷമിയും വീഴ്ത്തി വിന്‍‍ഡീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. ഇന്ത്യക്കായി കുല്‍ദീപും ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ട് വിക്കറ്റെടുത്തു.

ഇന്ത്യയുടെ സെഞ്ചുറിപ്പൂരം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി കരുത്തിലാണ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സടിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ രോഹിത്തിനെക്കാള്‍ ആക്രമിച്ചു കളിച്ചത് രാഹുലായിരുന്നു. 104 പന്തില്‍ 102 റണ്‍സെടുത്ത രാഹുല്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി. എട്ട് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രാഹുല്‍ പുറത്താവുമ്പോള്‍ 37 ഓവറില്‍ ഇന്ത്യ 227ല്‍ എത്തിയിരുന്നു.

ദേ വന്നു ...ദേ പോയി കോലി

രോഹിത് രാഹുല്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ വിശാഖപട്ടണത്തിലെ കാണികള്‍ നിരാശരായത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിംഗ്സ് കാണാനാവാത്തതിലായിരുന്നു. രാഹുല്‍ പുറത്തായശേഷം ക്രീസിലെത്തിയ കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്തായി.

കരുത്തോടെ ഹിറ്റ്മാന്‍

പതിവുപോലെ പതുങ്ങി തുടങ്ങി അടിച്ചുതകര്‍ക്കുന്നതായിരുന്നു ഇത്തവണയും രോഹിത്തിന്റെ ശൈലി. 107 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് 138 പന്തില്‍ 159 റണ്‍സടിച്ചാണ് പുറത്തായത്. കരിയറിലെ നാലാം ഡബിള്‍ രോഹിത് സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും കോട്രല്ലിന്റെ പന്തില്‍ ഷായ് ഹോപ്പിന് പിടികൊടുത്ത് രോഹിത് മടങ്ങി. രോഹിത്തിനറെ 28-ാം ഏകദിന സെഞ്ചുറിയാണിത്.

അയ്യര്‍ ദ് ഗ്രേറ്റ്; പിന്നെ പന്താട്ടം

രോഹിത് ശര്‍മ പുറത്തായശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് വന്നപാടെ അടി തുടങ്ങി. കോട്രലിന്റെ ഒരോവറില്‍ പന്ത് രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 24 റണ്‍സടിച്ചപ്പോള്‍ റോസ്റ്റണ്‍ ചേസിന്റെ അടുത്ത ഓവറില്‍ 31 റണ്‍സടിച്ച് ശ്രേയസ് അയ്യരും കരുത്തുകാട്ടി. രണ്ടോവറില്‍ മാത്രം ഇന്ത്യ അടിച്ചുകൂട്ടിയത് 55 റണ്‍സ്. 330ന് അടുത്ത ലക്ഷ്യം വെച്ച ഇന്ത്യ ഇതോടെ 350 കടന്ന് കുതിച്ചു.

16 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും പറത്തി ഋഷഭ് പന്ത് 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും സഹിതം 53 റണ്‍സടിച്ച് ശ്രേയസ് അയ്യര്‍ ഏകദിനത്തിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധസെഞ്ചുറി കുറിച്ചു. അവസാന ഓവറില്‍ കേദാര്‍ ജാദവിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ (10 പന്തില്‍ 16) ഇന്ത്യ 387ല്‍ എത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങിയത്. ശിവം ദുബെക്ക് പകരം ശാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി.

click me!