കാര്യവട്ടത്തും 'കൈവിട്ട' കളി തുടര്‍ന്ന് ഇന്ത്യ

By Web TeamFirst Published Dec 8, 2019, 10:47 PM IST
Highlights

സിമണ്‍സ് ആറ് റണ്‍സെടുത്തു നില്‍ക്കെ നല്‍കിയ അനായാസ ക്യാച്ചാണ് വാഷിംഗ്ടണ്‍ സുന്ദര്‍ അവിശ്വസനീയമായ രീതിയില്‍ നിലത്തിട്ടത്. ആറ് റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ സിമണ്‍സിന്റെ അക്കൗണ്ടില്‍.

തിരുവനന്തപുരം: ഹൈദരാബാദ് ടി20യില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ചു കളിച്ചെങ്കിലും ക്യാപ്റ്റന്‍ കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ജയിച്ചു കയറി. എന്നാല്‍ കാര്യവട്ടത്തെ കൈവിട്ട കളി ഇന്ത്യക്ക് സമ്മാനിച്ച് ഗ്രീന്‍ഫീല്‍ഡിലെ ആദ്യ തോല്‍വിയും. തുടക്കത്തിലെ വിന്‍ഡീസ് ഓപ്പണര്‍മാര്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. അതും ഒരോവറില്‍ രണ്ടുതവണ. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ എവിന്‍ ലൂയിസിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തും സമ്മിണ്‍സിനെ പുറത്താക്കാനുള്ള അവസരം വാഷിംഗ്‌ടണ്‍ സുന്ദറും  പാഴാക്കി.

സിമണ്‍സ് ആറ് റണ്‍സെടുത്തു നില്‍ക്കെ നല്‍കിയ അനായാസ ക്യാച്ചാണ് വാഷിംഗ്ടണ്‍ സുന്ദര്‍ അവിശ്വസനീയമായ രീതിയില്‍ നിലത്തിട്ടത്. ആറ് റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ സിമണ്‍സിന്റെ അക്കൗണ്ടില്‍. പിന്നാലെ എവിന്‍ ലൂയിസ് നല്‍കിയ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തും നിലത്തിട്ടു. 16 റണ്‍സായിരുന്നു അപ്പോള്‍ ലൂയിസ് നേടിയിരുന്നത്. സിമണ്‍സ് 67 റണ്‍സുമായി വിന്‍ഡീസിന്റെ വിജയശില്‍പിയായപ്പോള്‍ ലൂയിസ് 40 റണ്‍സെടുത്ത ഇന്ത്യയെ നോവിച്ചു.

ഇന്ത്യയുടെ കൈവിട്ട കളി അവിടംകൊണ്ടും അവസാനിച്ചില്ല. സിമണ്‍സ് ഷോട്ട് പോയന്റിലേക്ക് അടിച്ച സിംഗിള്‍ പോലും ഇല്ലാത്ത ഷോട്ടില്‍ ലോകത്തിലെ ഏറ്റവും വിശ്വസ്ത ഫീല്‍ഡറായ രവീന്ദ്ര ജഡേജയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായുന്നത് കാണികള്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. കളി വിന്‍ഡീസിന്റെ പക്ഷത്തേക്കെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിഷമകരമായൊരു അവസരം ശ്രേയസ് അയ്യരും കൈവിട്ടു. ഹൈദരാബാദ് ടി20യില്‍ ഇന്ത്യയുടെ കൈവിട്ട കളിയെ മുന്‍ താരം യുവരാജ് സിംഗ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ക്രിക്കറ്റിന്റെ ആധിക്യമാകാം മോശം ഫീല്‍ഡിംഗിന് കാരണമെന്ന് യുവി അഭിപ്രായപ്പെട്ടിരുന്നു.

click me!