
കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022) ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിച്ച താരമാണ് ഇഷാന്‍ കിഷന്‍ (Ishan Kishan). വെടിക്കെട്ടിന് പേരുകേട്ട ഇഷാനെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) 15.25 കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ഇഷാനെ ഓപ്പണിംഗിലിറക്കണം എന്നും വേണ്ടെന്നും വാദങ്ങള്‍ മുറുകുമ്പോള്‍ തന്‍റെ ഇഷ്‌ട ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
'ടി20 ലോകകപ്പ് ചിന്തകള്‍ മനസിലുണ്ട്. എന്നാല്‍ തനത് ശൈലിയില്‍ കളിക്കാനും കഴിവ് കാട്ടാനും നായകന്‍ രോഹിത് ശര്‍മ്മയിലും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിലും നിന്ന് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവരുടെ പിന്തുണയുണ്ട്. ഒരു എക്‌സ് ഫാക്‌ടര്‍ അവര്‍ കാണുന്നുണ്ട്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് ഏറ്റവും സന്തോഷം. എന്നാല്‍ സാഹചര്യവും ഞാനെന്ത് ചെയ്യാനാണ് ടീം തീരുമാനിക്കുന്നത് എന്നും പരിഗണിക്കുമ്പോള്‍ എന്നെയേല്‍പിക്കുന്ന ചുമതലയില്‍ മാത്രമാണ് ശ്രദ്ധ. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും തയ്യാറാണ്. എന്നാല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് ഏറെ സന്തോഷം' എന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു. ഐപിഎല്‍ താരലേലം വിട്ട് ടി20 പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദ്രാവിഡ് നല്‍കിയ നിര്‍ദേശമെന്ന് കിഷന്‍ കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇറക്കിയെങ്കിലും താരം കിതയ്‌ക്കുന്നതാണ് കണ്ടത്. രോഹിത് 19 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമായി 40 റണ്‍സെടുത്തെങ്കില്‍ ഇഷാന്‍ 42 പന്തില്‍ 35 റണ്‍സാണ് നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചുകളിക്കുന്ന ശൈലിക്കാരനായ ഇഷാന്‍ നാല് ബൗണ്ടറി മാത്രമേ നേടിയുള്ളൂ.
ആദ്യ ടി20 ഇന്ത്യക്ക്
വിൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. വിൻഡീസിന്‍റെ 157 റണ്‍സ് ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. 19 പന്തിൽ 40 റൺസുമായി രോഹിത് ശര്‍മ്മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇഷാന്‍ കിഷന്‍റെ 35 റണ്‍സിന് പിന്നാലെ വിരാട് കോലി 17 ഉം റിഷഭ് പന്ത് എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ഇന്ത്യക്ക് ജയമുറപ്പിച്ചു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രോഹിത് ശർമ്മയെ ഇന്ത്യന്‍ ബൗളർമാർ നിരാശപ്പെടുത്തിയില്ല. വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 157 റണ്‍സ് നേടിയത്. 90 റൺസിനിടെ വിൻഡീസിന് അഞ്ച് വിക്കറ്റ് നഷ്‌ടമായി. നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് മത്സരത്തിലെ താരമായി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. 43 പന്തിൽ 61 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!