ഹനുമ വിഹാരിക്ക് ഉജ്ജ്വല സെഞ്ചുറി; വാലറ്റം നിലംപൊത്തി, ഇന്ത്യ 416 ന് പുറത്ത്

By Web TeamFirst Published Sep 1, 2019, 12:47 AM IST
Highlights

225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സ് നേടിയ വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച് പിന്തുണ നല്‍കി

കിംഗ്സ്റ്റണ്‍: കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. കിംഗ്സ്റ്റണ്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 416 ന് പുറത്തായി. 7 ന് 414 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ വാലറ്റം നിരാശപ്പെടുത്തിയില്ലെങ്കില്‍ കുറ്റന്‍ സ്കോര്‍ കണ്ടെത്താമായിരുന്നു. രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സ് നേടിയ വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. നേരത്തെ നായകന്‍ വിരാട് കോലി 76 ഉം മായങ്ക് അഗര്‍വാള്‍ 55 ഉം റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.

ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. രണ്ടാം ദിവസത്തിലെ ആദ്യ പന്തില്‍ തന്നെ പന്ത് പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കുറ്റി തെറിച്ചു. പിന്നാലെ എത്തിയ ജഡേജ 69 പന്തുകള്‍ നേരിട്ടെങ്കിലും റഖീം കോണ്‍വാളിന്റെ പന്തില്‍ പുറത്തായി. ഡാരന്‍ ബ്രാവോയ്ക്കായിരുന്നു ക്യാച്ച്.

എന്നാല്‍ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. ഇശാന്ത് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ പേസറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കിംഗ്സ്റ്റണില്‍ പിറന്നത്. ടീം സ്കോര്‍ 414 ല്‍ നില്‍ക്കെ ഇശാന്ത് വീണതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. പിന്നാലെയെത്തിയ ഷമി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വിഹാരിയും കൂടാരം കയറി.

അഞ്ചിന് 264 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. കെ എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിന്‍ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

click me!