
മുംബൈ: വിന്‍ഡീസിനെതിരെ ടി20 പരമ്പര കാത്ത് മുംബൈയില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ആറ് റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ സ്വന്തം മണ്ണില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തും കോലി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), കോളിന്‍ മണ്‍റോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.
അന്താരാഷ്‌ട്ര ടി20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് തിരുവനന്തപുരത്ത് രണ്ടാം ടി20ക്കിടെ കോലി സ്വന്തമാക്കിയിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഒരു റണ്‍സിന് മറികടന്നാണ് കോലി നേട്ടത്തിലെത്തിയത്. കോലിക്ക് 2,563 റണ്‍സും രോഹിത് 2,562 റണ്‍സുമാണുള്ളത്. സ്‌പോര്‍ട്‌സ് ഹബ്ബില്‍ 17 പന്തില്‍ 19 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. കെസ്രിക് വില്യംസിന്‍റെ പന്തില്‍ ലെന്‍ഡി സിമ്മന്‍സിന് പിടിച്ചാണ് കോലി പുറത്തായത്.
മുംബൈയില്‍ ഇന്ന് വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാകും. രാത്രി ഏഴ് മുതലാണ് മത്സരം. ഹൈദരബാദില്‍ ജയിച്ച ടീം ഇന്ത്യ തിരുവനന്തപുരത്ത് തോല്‍വി വഴങ്ങിയിരുന്നു. തിരുവനന്തപുരത്ത് തോറ്റെങ്കിലും പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണ്‍ പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്നും കളിക്കുമെന്ന് ഉറപ്പായിട്ടില്ല. വാംഖഡേയിലെ പേസ് അനുകൂല പിച്ചില്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജക്ക് പകരം മുഹമ്മദ് ഷമിയെ കളിപ്പിച്ചേക്കും. എന്നാല്‍ കാര്യവട്ടത്ത് തിളങ്ങിയ ശിവം ദുബെയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!