
മുംബൈ: കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ലഭിച്ച തിരിച്ചടിക്ക് മുംബൈയില്‍ പകരം വീട്ടാനാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. നിര്‍ണായകമായ മൂന്നാം ട്വന്‍റി 20 മത്സരത്തില്‍ വിജയം നേടുന്നവര്‍ക്ക് പരമ്പര നേടാന്‍ സാധിക്കുമെന്നുള്ളതിനാല്‍ ഇരുടീമും അവസാനശ്വാസം വരെ പൊരുതുമെന്നുറപ്പ്. രണ്ടാം മത്സരത്തില്‍ തോല്‍വിയേറ്റതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ടീം മാനേജ്മെന്‍റില്‍ നിന്ന് ലഭിക്കുന്ന അവസാന വിവരങ്ങള്‍ അനുസരിച്ച് രണ്ട് മാറ്റങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
മുഹമ്മദ് ഷമി
ട്വന്‍റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം കൂടി പരിഗണിച്ച് ആദ്യ ഇലവനില്‍ മുഹമ്മദ് ഷമിയെത്തിയേക്കും. മുംബൈയില്‍ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം കോലി ഷമിയെ ആശ്രയിക്കാനാണ് സാധ്യത. ടെസ്റ്റിലും ഏകദിനത്തിനും അതിഗംഭീര പ്രകടനം പുറത്തെടുക്കുന്ന ഷമിക്ക് ട്വന്‍റി 20യില്‍ ആ നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. എങ്കിലും നിലവിലെ ഫോം കൂടി പരിഗണിക്കുമ്പോള്‍ ഷമിക്ക് നറുക്ക് വീണേക്കും
കുല്‍ദീപ് യാദവ്
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച കണ്ടെത്തലുകളില്‍ ഒന്നാണ് കുല്‍ദീപ് യാദവ്. ഏകദിനത്തിലും ട്വന്‍റി 20യിലും പ്രതിഭ തെളിയിച്ച് കഴിഞ്ഞ കുല്‍ദീപിനെ നിര്‍ണായക മത്സരത്തില്‍ കോലി വിശ്വാസത്തിലെടുത്തേക്കും. കാര്യവട്ടത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയ വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് എത്താനാണ് സാധ്യത.
സഞ്ജു കളിക്കുമോ?
മലയാളി താരം സഞ്ജു സാംസൺ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നെങ്കിലും അന്തിമ ഇലവനിൽ എത്തുമോയെന്നതില്‍ ഇന്നും ഉറപ്പില്ല. രോഹിത്, കെ എല്‍ രാഹുല്‍, വിരാട് കോലി, ശിവം ദുബെ, ഋഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാവുമെന്നത് ഉറപ്പാണ്. രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ശ്രേയ്യസ് അയ്യരുടെ സ്ഥാനം മാത്രമാണ് ചോദ്യമായി അവശേഷിക്കുന്നത്. ശ്രേയ്യസിനെ മാറ്റി ഒരു പരീക്ഷണം നടത്തിയാല്‍ മനീഷ് പാണ്ഡെയ്‍ക്കോ സഞ്ജു സാംസണോ അവസരം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!