അരങ്ങേറ്റത്തില്‍ മിന്നലായി; റെക്കോര്‍ഡ് ബുക്കിലേക്ക് പന്തെറിഞ്ഞ് സൈനി

By Web TeamFirst Published Aug 4, 2019, 10:58 AM IST
Highlights

ടി20 അരങ്ങേറ്റത്തില്‍ ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ വിക്കറ്റ് മെയ്‌ഡനാക്കിയ രണ്ടാമത്തെ മാത്രം ബൗളറാണ് സൈനി

ഫ്ലോറിഡ: മൂന്ന് വിക്കറ്റ് പിഴുത് ടി20 അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ പേസര്‍ നവ്‌ദീപ് സൈനി കുറിച്ചത് ചരിത്രം. ടി20 അരങ്ങേറ്റത്തില്‍ ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ വിക്കറ്റ് മെയ്‌ഡനാക്കിയ രണ്ടാമത്തെ മാത്രം ബൗളറായി സൈനി. സിംഗപ്പൂരിന്‍റെ ജനക് പ്രകാശാണ് ടി20 അരങ്ങേറ്റത്തില്‍ അവസാന ഓവര്‍ വിക്കറ്റ് മെയ്‌ഡനാക്കിയ ആദ്യ താരം. 

അരങ്ങേറ്റത്തിലെ രണ്ടാം പന്തില്‍ സിക്‌സര്‍ വഴങ്ങിയ സൈനി ഇതേ ഓവറില്‍ നിക്കോളാസ് പൂരാനെയും ഷിമ്രോണ്‍ ഹെറ്റ്‌മയറെയും പുറത്താക്കി. വിന്‍ഡീസിനായി ഒറ്റയാന്‍ ബാറ്റിംഗ് പ്രകടനം കാഴ്‌ചവെച്ച കീറോണ്‍ പൊള്ളാര്‍ഡിനെ(49 റണ്‍സ്) അവസാന ഓവറില്‍ പുറത്താക്കി സൈനി മൂന്ന് വിക്കറ്റ് തികച്ചു. അവസാന ഓവറില്‍ റണ്‍വഴങ്ങാതിരുന്നപ്പോള്‍ നാല് ഓവറില്‍ ആകെ വിട്ടുകൊടുത്തത് 17 റണ്‍സ്!.

സൈനി കൊടുങ്കാറ്റായപ്പോള്‍ ആദ്യ ടി20യില്‍ ഇന്ത്യ നാല് വിക്കറ്റിന്‍റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൈനിയാണ് കളിയിലെ താരം. 

click me!