'അക്കാര്യം ബോധ്യപ്പെട്ടു'; ശൈലിമാറ്റത്തിന്‍റെ സൂചനയുമായി ഋഷഭ് പന്ത്

By Web TeamFirst Published Dec 16, 2019, 1:05 PM IST
Highlights

വിന്‍ഡീസിനെതിരെ ചെന്നൈ ഏകദിനത്തില്‍ ഋഷഭ് പന്ത് ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു

ചെന്നൈ: ഫോമില്ലായ്‌മയ്‌ക്ക് കേട്ട പഴികള്‍ക്കെല്ലാം മറുപടി പറഞ്ഞ ഇന്നിംഗ്‌സ്. വിന്‍ഡീസിനെതിരെ ചെന്നൈ ഏകദിനത്തില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു ഋഷഭ് പന്ത്. ചെന്നൈയില്‍ 71 റണ്‍സാണ് യുവ വിക്കറ്റ്‌കീപ്പര്‍ ബാറ്റ്സ്‌മാന്‍ നേടിയത്. ക്രിക്കറ്റില്‍ നിന്ന് ഒരു വലിയ പാഠം പഠിച്ചു എന്നാണ് പന്ത് പറയുന്നത്. 

'ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ എല്ലാ ഇന്നിംഗ്‌സും നിര്‍ണായകമാണ്. യുവതാരമെന്ന നിലയില്‍ എല്ലാ മത്സരത്തിലും മികവ് വര്‍ധിപ്പിക്കാനാണ് ശ്രമം. എന്നാല്‍ ആ മികവിലേക്ക് എത്താന്‍ കഴിയാതെവരുന്നു. എങ്കിലും മികവിലെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടീമിന്‍റെ വിജയത്തിനായി റണ്‍സ് കണ്ടെത്താനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ എനിക്കും റണ്‍സ് കണ്ടെത്താനാകും'. 

'പന്തിന് കാര്യം പിടികിട്ടി'

കുറച്ചെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചതില്‍ നിന്ന് ഒരു കാര്യം മനസിലാക്കാനായി. സ്വാഭാവിക ഗെയിം എന്നൊന്ന് രാജ്യാന്തര ക്രിക്കറ്റിലില്ല. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് കളിക്കേണ്ടത്. എന്താണ് ടീം ആവശ്യപ്പെടുന്നത് അതിനനുസരിച്ച് കളിക്കണം. മൈതാനത്തിന് പുറത്തുനടക്കുന്ന സംഭവങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും മികവ് കാട്ടാന്‍ എന്തുചെയ്യാന്‍ കഴിയും എന്ന് ആലോചിക്കാനുമാണ് ടീം മാനേജ്‌മെന്‍റ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും' ഋഷഭ് പന്ത് പറഞ്ഞു. 

കഴിഞ്ഞ 13 ഇന്നിംഗ്‌സുകളില്‍ പന്തിന്‍റെ ആദ്യ അര്‍ധ സെഞ്ചുറിയാണ് ചെന്നൈയില്‍ പിറന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിന്‍ഡീസിന് എതിരെയാണ് പന്ത് ഇതിനുമുന്‍പ് ഫിഫ്റ്റി നേടിയത്. പന്ത് തിളങ്ങിയെങ്കിലും വിന്‍ഡീസിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വി കോലിപ്പട വഴങ്ങി. ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും(139) ഷായ് ഹോപ്പിന്റെയും(102) സെഞ്ചുറികളുടെ കരുത്തില്‍ 47.5 ഓവറില്‍  രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. 

click me!