ജഡേജയുടെ വിവാദ ഔട്ട്; അംപയറെ പിന്തുണച്ച്, കോലിയെ തള്ളി പൊള്ളാര്‍ഡ്

By Web TeamFirst Published Dec 16, 2019, 10:37 AM IST
Highlights

സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേ കണ്ടശേഷം തീരുമാനമെടുക്കാന്‍ തേഡ് അംപയറുടെ സഹായം തേടുകയായിരുന്നു ഫീല്‍ഡ് അംപയര്‍.

ചെന്നൈ: ചെന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പുറത്തായ രീതി വലിയ വിവാദമായിരുന്നു. വിന്‍ഡീസ് ഫീല്‍ഡറുടെ ത്രോയില്‍ വിക്കറ്റ് ഇളകിയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയോ മൂന്നാം അംപയറുടെ സഹായം തേടുകയോ ചെയ്തില്ല. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേ കണ്ടശേഷം തേഡ് അംപയറുടെ സഹായം തേടി ഫീല്‍ഡ് അംപയര്‍.

ജഡേജ പുറത്തായരീതി വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. അംപയറുടെ തീരുമാനം ശരിയാണ് എന്നാണ് പൊള്ളാര്‍ഡിന്‍റെ പ്രതികരണം. 

കോലിയെയും പ്രകോപിപ്പിച്ച തീരുമാനം

ഫീല്‍ഡ് അംപയറുടെ തീരുമാനം ചോദ്യചിഹ്നമായ സംഭവമിങ്ങനെ. കീമോ പോള്‍ എറിഞ്ഞ 48-ാം ഓവറില്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു ജഡേജ. വിന്‍ഡീസ് ഫീല്‍ഡറുടെ ത്രോയില്‍ വിക്കറ്റ് ഇളകിയെങ്കിലും ജഡേജ ക്രീസിലെത്തി എന്നുറപ്പിച്ച് അംപയര്‍ നോട്ടൗട്ട് വിളിച്ചു. വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തുമില്ല. എന്നാല്‍ ടി വി റിപ്ലേകളില്‍ സംശയം തോന്നിയതോടെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഇതോടെ തീരുമാനം മൂന്നാം അംപയര്‍ക്ക് വിടുകയായിരുന്നു അംപയര്‍. 

രവീന്ദ്ര ജഡേജ ഔട്ടാണെന്ന് മൂന്നാം അംപയര്‍ കണ്ടെത്തി. ക്ഷുഭിതനായ ഇന്ത്യന്‍ നായകന്‍ കോലി ഡഗ്ഔട്ടിൽ നിന്ന് പുറത്തേക്ക് നീങ്ങിയെങ്കിലും ഗ്രൗണ്ടിൽ കടന്നില്ല. മത്സരശേഷവും കോലി രൂക്ഷമായി പ്രതികരിച്ചു. ക്രിക്കറ്റില്‍ ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന് കോലി തുറന്നടിച്ചു. ഇതിനോടാണ് പൊള്ളാര്‍ഡ് പ്രതികരിച്ചിരിക്കുന്നത്. 

click me!