വിജയവഴിലേക്ക് തിരിച്ചെത്താന്‍ ടീം ഇന്ത്യ; ചരിത്ര വിജയം തേടി വിന്‍‍ഡീസ്

By Web TeamFirst Published Dec 11, 2019, 9:04 AM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ ഇതുവരെ പരമ്പരയില്‍ മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യത്തിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ രോഹിത്തിന്‍റെ വെടിക്കെട്ടിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്

മുംബൈ: തിരുവനന്തപുരം കാര്യവട്ടത്ത് അപ്രതീക്ഷിതമായി ഏറ്റ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീം ഇന്ത്യ ഇന്ന് നിര്‍ണായകമായ മൂന്നാം ട്വന്‍റി 20 പോരിന് ഇറങ്ങുന്നു. കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമായ കരീബിയന്‍ പടയെ തകര്‍ത്തെറിയാനാണ് മുംബൈയില്‍ ഇന്ത്യ ഇറങ്ങുന്നത്.

ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്. രാത്രി ഏഴിനാണ് പോരാട്ടം. ആദ്യ മത്സരം ഇന്ത്യയും രണ്ടാം ട്വന്‍റി 20 വിന്‍ഡീസും ജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്. രണ്ടാം മത്സരത്തില്‍ തോല്‍വിയേറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതകളില്ല.

ഓപ്പണിംഗ് വിക്കറ്റില്‍ ഇതുവരെ പരമ്പരയില്‍ മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യത്തിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ രോഹിത്തിന്‍റെ വെടിക്കെട്ടിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കാര്യവട്ടത്ത് മൂന്നാമനായി ശിവം ദൂബെയെ പരീക്ഷിച്ചത് വലിയ വിജയമായിരുന്നു. എങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ ഈ മാറ്റം സ്ഥിരമല്ല. സാഹചര്യങ്ങള്‍ അനുസരിച്ചാകും അത്തരത്തിലുള്ള സാധ്യതകള്‍ പരീക്ഷിക്കുക.

മലയാളി താരം സഞ്ജു സാംസൺ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നെങ്കിലും അന്തിമ ഇലവനിൽ എത്തുമോയെന്നതില്‍ ഇന്നും ഉറപ്പില്ല. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ സഹായിക്കുന്ന വാംഖഡേയിൽ ടോസ് നിര്‍ണായകമാണ്. പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ഇന്ത്യ മുഹമ്മദ് ഷമിയെ അവസാന ഇലവനിലേക്ക് ഉള്‍പ്പെടുത്തിയേക്കും.

വിന്‍ഡീസ് ടീമിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ജേസണ്‍ ഹോള്‍ഡറിന് പകരം കീമോ പോള്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. 2002ന് ശേഷം ഇന്ത്യയിൽ വിന്‍ഡീസ് പരമ്പര ജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാമെന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ട്വന്‍റി 20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ പരമ്പര നഷ്ടം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല. 

click me!