ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍പട; രണ്ടാം ടി20 ഇന്ന്

By Web TeamFirst Published Sep 26, 2019, 9:49 AM IST
Highlights

അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പതിനഞ്ചുകാരിയായ ഷഫാലി വര്‍മ്മയെ ടീം മാനേജ്‌മെന്‍റ് തുടര്‍ന്നും പിന്തുണച്ചേക്കും

സൂററ്റ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. സൂററ്റില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുന്നത്. അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പതിനഞ്ചുകാരിയായ ഷഫാലി വര്‍മ്മയെ ടീം മാനേജ്‌മെന്‍റ് തുടര്‍ന്നും പിന്തുണച്ചേക്കും. ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രായം കുറഞ്ഞ(15 വയസും 239 ദിവസവും) താരമാണ് ഷഫാലി വര്‍മ്മ. 

വിജയം ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ പെൺപട ഇറങ്ങുന്നത്. ബാറ്റിംഗിൽ പിഴച്ചെങ്കിലും ബൗളിംഗിലും ഫീൽഡിംഗിലും മികവുകാട്ടിയായിരുന്നു ആദ്യ ട്വന്‍റി20യില്‍ ഇന്ത്യന്‍ ജയം. സൂററ്റില്‍ വീണ്ടും ഇറങ്ങുമ്പോള്‍ ബാറ്റിംഗ് നിര ഉണര്‍ന്നുകളിക്കുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഒരു ബാറ്റ്സ്‌മാനെ അധികമായി ഉള്‍പ്പെടുത്തിയിട്ടും 130 റൺസിലേക്ക് ഒതുങ്ങിയത് നല്ല സൂചനയല്ലെന്ന് ക്യാപ്റ്റനും സമ്മതിക്കുന്നു. പുരുഷ ടീമിനെ പോലെ മധ്യനിരയുടെ സ്ഥിരതയില്ലായ്‌മ വനിതകള്‍ക്കും വെല്ലുവിളിയാണ്. 

ആദ്യ മത്സരം ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ മുന്നിലാണ്. ആദ്യ ടി20യില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യയുടെ 130 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 119 റണ്‍സില്‍ വീണു. ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റും രണ്ട് വിക്കറ്റ് വീതം നേടിയ പൂനം യാദവും രാധാ യാദവുമാണ് ഇന്ത്യന്‍ വനിതകളെ ജയിപ്പിച്ചത്. 

click me!