
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ട് ദിവസങ്ങള്‍ക്കിടെ മത്സരം പൂര്‍ത്തിയാവുകയും ചെയ്തു. സ്‌കോര്‍: ഓസ്‌ട്രേലിയ 135, 116 & ഇന്ത്യ 171, 84/3. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് പരമ്പരയിലും സമ്പൂര്‍ണ ജയമാണ് ഇന്ത്യ നേടിയത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 27 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായി. 28 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഖിലന്‍ പട്ടേല്‍ (26), വേദാന്ത് ത്രിവേദി (25), ഹെനില്‍ പട്ടേല്‍ (22), വൈഭവ് സൂര്യവന്‍ഷി (20), വിഹാല്‍ മല്‍ഹോത്ര (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 135നെതിരെ 36 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
പിന്നാലെ രണ്ടാം ഇന്നംഗ്‌സിന് എത്തിയ ഓസീസ് 116ന് എല്ലാവരും പുറത്തായി. 38 റണ്‍സ് നേടിയ അലക്‌സ് ലീ യംഗാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. കാസി ബാര്‍ട്ടണ്‍ (19), ജെയ്ഡന്‍ ഡ്രേപ്പര്‍ (15), അലക്‌സ് ടര്‍ണര്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നമന്‍ പുഷ്പക്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. ഉദ്ദവ് മോഹന് രണ്ട് വിക്കറ്റുണ്ട്. തുടര്‍ന്ന് 81 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വേദാന്ത്് ത്രിവേദി (33), രാഹുല്‍ കുമാര്‍ (13) എന്നിവര്‍ പുറത്താവാതെ നിന്നു. വൈഭവ് സൂര്യവന്‍ഷി ഗോള്‍ഡന്‍ ഡക്കായി. ആയുഷ് മാത്രെ (13), വിഹാന്‍ മല്‍ഹോത്ര (21) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
നേരത്തെ, ഓസീസിനെ 135 റണ്‍സില്‍ പുറത്താക്കിയതിന്റെ ആവേശത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ യവനിരക്ക് തുടക്കത്തിലെ അടിതെറ്റി. നാലാം ഓവറില്‍ വിഹാന്‍ മല്‍ഹോത്രയെ(11) മടക്കി വില്യ ബ്യോണ്‍ ആണ് ഇന്ത്യക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഒരു പന്തിനന്റെ ഇടവേളയില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയയെ(4) കൂടി ബ്യോണ്‍ മടക്കിയതോടെ ഇന്ത്യന്‍ യുവനിര പ്രതിരോധത്തിലായി. രണ്ട് ഫോറും ഒരു സിക്‌സും അടക്കം 14 പന്തില്‍ 21 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ചാള്‍സ് ലാച്മുന്ദിന്റെ പന്തില്‍ മടങ്ങിയതോടെ ഇന്ത്യ 41-3 എന്ന സ്‌കോറില്‍ പതറി. പിന്നീട് രാഹുല്‍ കുമാറും വേദാന്ത് ത്രിവേദിയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 80 റണ്‍സിലെത്തിച്ചു. രാഹുല്‍ കുമാറിനെ മടക്കിയ കേസി ബാര്‍ട്ടണ്‍ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യ വീണ്ടും തകര്‍ന്നടിഞ്ഞു.
വേദാന്ത് ത്രിവേദി(25), ഹര്‍വന്‍ഷ് പംഗാലിയ(1) എന്നിവരെ കൂടി നഷ്ടമായി 82-6ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ഖിലന്‍ പട്ടേലും(26) ഹെനില്‍ പട്ടേലും ചേര്‍ന്നാണ് 100 കടത്തിയത്. സ്‌കോര്‍ 130ല്‍ നില്‍ക്കെ ഖിലന്‍ പട്ടേല്‍ പുറത്തായെങ്കിലും ദീപേഷ് ദേവേന്ദ്രനെ കൂട്ടുപിടിച്ച് ഹെനില്‍ പട്ടേല്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്‌സ് 135 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യന്‍ യുവനിര മേല്‍ക്കൈ നേടിയത്. 66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്‌സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്. യാഷ് ദേശ്മുഖ് 22 റണ്‍സെടുത്തപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്‍ മലാസുക്ക് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനില്‍ പട്ടേലും ഖിലന്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!