
റായ്പൂര്: സിംബാബ്വെ വനിതകള്ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില് രണ്ടാം ടി20 ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യന് വനിതകള് പരമ്പര നേടിയത്. റായ്പൂര്, വീര് നാരായണ് സിംഗ് ഇന്റര്നാഷണല് സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെ 20 ഓവറില് 102 റണ്സിന് എല്ലാവരും പുറത്താവുകയായിരുന്നു. നിക്കി പ്രസാദ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില് ഇന്ത്യ 8.5 ഓവറില് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യം മറികടന്നു.
ഷഫാലി വര്മ (25 പന്തില് 55), ക്യാപ്റ്റന് സ്മൃതി മന്ദാന (25 പന്തില് പുറത്താവാതെ 47) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തിനരികെയാണ് ഷഫാലി വീണത്. എട്ടാം ഓവറിലെ അഞ്ചാം പന്തില് ബിലോവ്ഡ് ബിസയ്ക്ക് വിക്കറ്റ് നല്കുകയായിരുന്നു. നാല് സിക്സും ആറ് ഫോറും ഉള്പ്പെടുന്നതായിരുന്നു ഷഫാലിയുടെ ഇന്നിംഗ്സ്. സ്മൃതിക്കൊപ്പം 96 റണ്സ് ചേര്ത്ത ശേഷമാണ് ഷഫാലി മടങ്ങിയത്. എങ്കിലും അനുഷ്ക ശര്മയ്ക്കൊപ്പം (1) ചേര്ന്ന് സ്മൃതി ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. രണ്ട് സി്സും ആറ് ഫോറും ഉള്പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.
നേരത്തെ ചിപോ മുഗേരി തിരിപാനോ (34), ക്യാപ്റ്റന് ജോസഫൈന് കോമോ (35 പന്തില് പുറത്താവാതെ 27) എന്നിവര്ക്ക് മാത്രമാണ് സിംബാബ്വെ നിരയില് അല്പമെങ്കിലും പിടിച്ചുനില്ക്കാന് സാധിച്ചത്. മറ്റുള്ളവര്ക്കൊന്നും രണ്ടക്കം കാണാന് പോലും സാധിച്ചില്ല. നിക്കി പ്രസാദിന് പുറമെ ക്രാന്തി ഗൗദ്, നന്ദനി ശര്മ, ദീപ്തി ശര്മ, ശ്രീ ചരണി എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച്ച നടക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും ഇരുവരും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!