വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളികള്‍ ന്യൂസിലന്‍ഡ്; മത്സരത്തിന് മഴ ഭീഷണി

Published : Oct 23, 2025, 09:33 AM IST
Smriti Mandhana and Harmanpreet Kaur

Synopsis

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് ഒരു കാലെടുത്തുവെക്കാം. ന്യൂസിലൻഡിനോടും പിന്നീടുള്ള ബംഗ്ലാദേശ് പോരിലും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമി ഉറപ്പിക്കാം.

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം. സെമി പ്രതീക്ഷകളുള്ള ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈയിലാണ് മത്സരം തുടങ്ങുക. തുടര്‍ച്ചയായ മൂന്ന് തോല്ഡവികള്‍ക്ക് ശേഷം ഇറങ്ങുന്ന ഇന്ത്യൻ ടീം ന്യൂസിലൻഡിനോടും തോറ്റാൽ കന്നി കിരീടമെന്ന സ്വപ്നം വീണ്ടും അകലും. തുടര്‍ തോൽവികളിൽ പകച്ചുനിൽക്കുന്ന ഇന്ത്യൻ വനിതകൾക്ക് ഇനിയൊരു തോൽവി ആലോചിക്കാൻ പോലുമാകില്ല. നിലവിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും സെമി ഉറപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് ടീമുകളോടും തോറ്റ ഇന്ത്യ നാല് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

നാലു പോയന്‍റുള്ളു ന്യൂസിലന്‍ഡ് നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ അഞ്ചാമതും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് ഒരു കാലെടുത്തുവെക്കാം. ന്യൂസിലൻഡിനോടും പിന്നീടുള്ള ബംഗ്ലാദേശ് പോരിലും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമി ഉറപ്പിക്കാം. റൺറേറ്റിന്‍റെ മുൻതൂക്കവും അനുകൂലമാണ്. ബംഗ്ലാദേശിനോട് മാത്രമാണ് ജയമെങ്കിൽ ന്യൂസിലൻഡ്-ഇംഗ്ലണ്ട് മത്സര ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും. 

പ്രതീക്ഷ മന്ദാനയില്‍

മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയിലാണ് ടീമിന്‍റെ പ്രതീക്ഷകളത്രെയും. പടിക്കൽ കലമുടയ്ക്കുന്ന വാലറ്റത്തിന്‍റെ സമീപനത്തിലെ മാറ്റവും ബൗളർമാർ സമ്മർദ്ദങ്ങളെ അതിജീവിക്കുകയും വേണം. കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴയില്‍ ഒലിച്ചുപോയതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. ഇതോടെയാണ് ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരായ മത്സരങ്ങള്‍ കിവീസിന് നിര്‍ണായകമായത്. മത്സരത്തിന് മഴ ഭീഷണിയുമുണ്ട്. രണ്ട് ദിവസം മുമ്പ് മഴ കാരണം ഇന്ത്യയുടെ പരിശീലന സെഷന്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മഴ മൂലം കളി ഉപേക്ഷിക്കേണ്ടിവന്നാല്‍ അത് ഇന്ത്യക്ക് ആണ് ഗുണകരമാകുക. അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ സെമി കാണാതെ പുറത്തായ ബംഗ്ലാദേശ് ആണെങ്കില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍ സെമിയിലെത്തിയ ഇംഗ്ലണ്ടാണ്.

ഇരു ടീമുകളും ഏറ്റുമുട്ടിയ 56 ഏകദിനങ്ങളിൽ 34 എണ്ണത്തിൽ കിവികൾ ജയിച്ചപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് 22 മത്സരങ്ങളിൽ. ഇതില്‍ 2022നുശേഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറിലും കിവീസ് ജയിച്ചുവെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി