നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മുന്‍തൂക്കം, പക്ഷെ ലോകകപ്പ് പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പം

Published : Nov 01, 2025, 11:52 AM IST
India Women vs South AFrica Women

Synopsis

ലോകകപ്പുകളില്‍ ഇതുവരെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ ലോകകപ്പില്‍ വിശാഖപട്ടണത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയായിരുന്നു ജയിച്ചു കയറിയത്.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ഇതുവരെയുള്ള പോരാട്ട ചരിത്രം എങ്ങനെയെന്ന് നോക്കാം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ഇതുവരെ പരസ്പരം കളിച്ച മത്സരങ്ങളില്‍ 20 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 13 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ ലോകകപ്പിന്‍റെ പോരാട്ട ചരിത്രമെടുത്താല്‍ പക്ഷെ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്.

ലോകകപ്പുകളില്‍ ഇതുവരെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ ലോകകപ്പില്‍ വിശാഖപട്ടണത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയായിരുന്നു ജയിച്ചു കയറിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിച്ച ഘോഷിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 49.5 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 142-6 എന്ന സ്കോറില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് നദീൻ ഡി ക്ലാര്‍ക്കിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക അവിശ്വസനീയ വിജയം പിടിച്ചെടുത്തിരുന്നു. എട്ടാമതായി ക്രീസിലെത്തിയ ക്ലാര്‍ക്ക് 54 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നാണ് ദക്ഷിണാഫ്രിക്കക്ക് അവിശ്വസീനിയ ജയം സമ്മാനിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം

1997ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും ആദ്യം ഏറ്റുമുട്ടിയത്. അന്ന് അഞ്ച് വിക്കറ്റിന്‍റെ ആധികാരിക ജയം ഇന്ത്യ സ്വന്തമാക്കി. 2000ലെ ഏകദിന ലോകകപ്പില്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴും ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു കയറി. 2005ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്ന മത്സരം ഫലമില്ലാതെ അവസാനിച്ചു. എന്നാല്‍ രണ്ടാം വട്ടം സെമി ഫൈനലില്‍ കണ്ടുമുട്ടിയപ്പോഴാകട്ടെ ഇന്ത്യ നാലു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഫൈനലിലെത്തി. 2009ലും 2013ലും ഇരു ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമുണ്ടായില്ല. 2017ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഫൈനലിലെത്തയ ടൂര്‍ണമെന്‍റിലാണ് ദക്ഷണാഫ്രിക്ക ആദ്യ ജയം രുചിച്ചത്. 115 റണ്‍സിനായിരുന്നു ദക്ഷിണഫ്രിക്ക അന്ന് ഇന്ത്യയെ തകര്‍ത്തത്. 2021-2022ലെ ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ദക്ഷിണാഫ്രിക്ക ജയം ആവര്‍ത്തിച്ചു. മൂന്ന് വിക്കറ്റിനായിരുന്നു ഇത്തവണ ജയം. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയെ കീഴടക്കിതോടെയാണ് ദക്ഷിണാഫ്രിക്ക പരസ്പരമുള്ള ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യക്കൊപ്പമെത്തിയത്.

ആദ്യ കിരീടം തേടി ഇരു ടീമും

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും നാളെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. അതേസമയ, ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.

2005ല്‍ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്ക് മുന്നില്‍ അടിതെറ്റി. 2017ല്‍ രണ്ടാമത് ഫൈനലിലെത്തിയപ്പോഴാകട്ടെ ഇംഗ്ലണ്ട് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചു. വിജയം ഉറപ്പിച്ചിടത്തുനിന്ന് ഒമ്പത് റണ്‍സിനായിരുന്നു അന്ന് ഇന്ത്യ തോറ്റത്. ഇത്തവണ ഹോം ഗ്രൗണ്ടില്‍ മൂന്നാം തവണ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. അജയ്യരെന്ന വിശേഷണമുള്ള ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മുന്‍ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?